‘ബെത്ലഹേം കുടുംബ യൂണിറ്റ്’ കണ്ടിറങ്ങുമ്പോള്‍ ജസ്റ്റിനും ആഷ്‌ലിയും തമ്മിലുള്ള പ്രണയമാണ് സ്വാഭാവികമായും പ്രേക്ഷകരുടെ മനസില്‍ ആദ്യം പതിയുക. എന്നാല്‍ സിനിമയെയും കഥാപാത്രങ്ങളെയും മറ്റൊരു കോണില്‍ നിന്ന് വായിച്ചെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍.
ആഷ്‌ലിയുടെ ഭാവിയെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്ന വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഇവര്‍ സിനിമയെ സമീപിക്കുന്നത്.
ആഷ്‌ലിയെ പ്രണയത്തില്‍ നിന്ന് തടയാന്‍ ശ്രമിക്കുന്ന ടിപ്പിക്കല്‍ അമ്മാവനായി മാത്രം അയാളെ കാണാതെ, തന്റെ ജീവിതത്തില്‍ കണ്ട ദുരനുഭവം അടുത്ത തലമുറയിലേക്ക് ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരാളായാണ് വിനയ്‌യുടെ കഥാപാത്രം വിലയിരുത്തപ്പെടുന്നത്.
ആഷ്‌ലിയെ സ്വന്തം കാലില്‍ നിര്‍ത്തണമെന്ന ആ ചിന്തയില്‍ നിന്ന് കഥാപാത്രത്തെ വായിക്കുമ്പോള്‍, സിനിമയിലെ പല രംഗങ്ങള്‍ക്കും മറ്റൊരു അര്‍ത്ഥം കൂടി ലഭിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമയില്‍ വിനയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബപശ്ചാത്തലവും ഇതിന് പ്രധാനമാണ്. ചെറിയ വീട്ടില്‍ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ബാങ്ക് ഉദ്യോഗസ്ഥനായാണ് അയാള്‍ ജീവിതത്തില്‍ മുന്നേറിയത്. വിദ്യാഭ്യാസത്തിലൂടെയാണ് സ്വന്തം ജീവിതം മാറ്റിയെടുത്തതെന്ന ബോധ്യം അയാള്‍ക്കുണ്ട്.

മറുവശത്ത്, സ്വന്തം ചേച്ചിയുടെ ജീവിതം അയാള്‍ക്ക് മുന്നിലുണ്ട്. മദ്യപാനിയായ ഒരാളെ വിവാഹം കഴിച്ച ചേച്ചി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അയാള്‍ കണ്ടതാണ്. ആ അനുഭവം തന്നെയാണ് ചേച്ചിയുടെ മകളായ ആഷ്‌ലിയോടുള്ള അയാളുടെ കരുതലിനെയും സ്വാധീനിക്കുന്നത്.
ആഷ്‌ലി അയാള്‍ക്ക് വെറുമൊരു സഹോദരിയുടെ മകളല്ല. ചെറുപ്പം മുതല്‍ എടുത്തുകൊണ്ട് നടന്നും കൊഞ്ചിച്ചും വളര്‍ത്തിയ കുട്ടിയാണ്. സിനിമയില്‍ ജസ്റ്റിനോട് തന്നെ ‘അവള്‍ എന്റെ മോളാണ്’ എന്ന് അലക്‌സ് പറയുന്ന ഒരു രംഗമുണ്ട്.
അതുകൊണ്ടുതന്നെ ആഷ്‌ലി തന്റെ പ്രായത്തിലുള്ള ഒരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കുമ്പോള്‍ അയാളുടെ ആശങ്ക ഒരു സാധാരണ അമ്മാവന്റെ ആശങ്കയായി മാത്രം കാണാനാകില്ലെന്നാണ് കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേകിച്ച് നിവിന്റെ മദ്യപാനം വിനയ്‌യുടെ കഥാപാത്രത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു. ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ചതുപോലൊരു സാഹചര്യം ആഷ്‌ലിയുടെ ജീവിതത്തിലും ആവര്‍ത്തിക്കുമോ എന്ന ഭയം അയാള്‍ക്കുണ്ടാകുന്നു. നിവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ ആഷ്‌ലിയും നിവിനും ഒരുമിച്ചുള്ള ഫോട്ടോ കാണുന്നതോടെ ആ ആശങ്ക കൂടുതല്‍ ശക്തമാകുന്നു.
കോളേജിന്റെ ആദ്യ വര്‍ഷങ്ങളിലോ രണ്ടാം വര്‍ഷത്തിലോ പഠിക്കുന്ന പ്രായത്തിലുള്ള ആഷ്‌ലി, പ്രായത്തില്‍ തന്നേക്കാള്‍ ഏറെ മുതിര്‍ന്നതും മദ്യപാനശീലമുള്ളതുമായ ഒരാളോടൊപ്പം പോയാല്‍ എന്താകും അവളുടെ ഭാവി എന്ന ചിന്ത അയാളെ അലട്ടുന്നു.

അയാള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വില അറിയാം. അതുകൊണ്ടുതന്നെ ആഷ്‌ലിയെ അയര്‍ലന്‍ഡിലേക്ക് പഠിക്കാന്‍ അയക്കാനുള്ള തീരുമാനം, ഒരു പ്രണയബന്ധത്തില്‍ നിന്ന് അവളെ അകറ്റാനുള്ള ശ്രമം എന്നതിനപ്പുറം, സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം അവള്‍ക്ക് നല്‍കാനുള്ള ശ്രമമായും കാണാം.
അങ്ങനെയൊരു വായനയില്‍ നോക്കുമ്പോള്‍, അലക്‌സിന്റെ തീരുമാനം ആഷ്‌ലിയുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാണ്. അവള്‍ ജസ്റ്റിനൊപ്പം ഇറങ്ങിപ്പോയിരുന്നെങ്കില്‍ തുടര്‍ന്നുള്ള ജീവിതം മറ്റൊരു രീതിയിലാകുമായിരുന്നുവെന്ന സാധ്യത സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. വിവാഹം, കുടുംബം, പിന്നീട് കുട്ടികള്‍ എന്നിങ്ങനെ ആഷ്‌ലിയുടെ വിദ്യാഭ്യാസവും സ്വന്തം കരിയറും പിന്നിലാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
പക്ഷേ അയര്‍ലന്‍ഡിലെ പഠനത്തിലൂടെ ആഷ്‌ലിക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയും പക്വതയും നേടാന്‍ കഴിയുന്നു. പിന്നീട് തിരിച്ചെത്തുന്ന ആഷ്‌ലിയോട് ജസ്റ്റിന്‍ തനിക്കും അയര്‍ലന്‍ഡിലേക്ക് വരാന്‍ കഴിയുമോ എന്ന് ചോദിക്കുമ്പോള്‍, ‘ഡിപെന്‍ഡന്റ് വിസ’യില്‍ വരാമെന്ന അവളുടെ മറുപടിയും ശ്രദ്ധേയമാണ്.

നേരത്തെ പ്രണയത്തിനൊപ്പം മാത്രം സഞ്ചരിച്ചിരുന്ന ആഷ്‌ലി പിന്നീട് സ്വന്തം വിദ്യാഭ്യാസവും ജീവിതവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളായി മാറിയെന്ന വായനയ്ക്ക് ഇത് വഴിയൊരുക്കുന്നു.
അങ്ങനെയെങ്കില്‍, ആഷ്‌ലിയെ അയര്‍ലന്‍ഡിലേക്ക് അയച്ച തീരുമാനം അവളുടെ പ്രണയം തകര്‍ക്കാനുള്ള ശ്രമം മാത്രമായിരുന്നോ? അതോ, ചേച്ചിയുടെ ജീവിതത്തിലുണ്ടായ ദുരനുഭവം മകള്‍ക്കും ആവര്‍ത്തിക്കരുതെന്ന് കരുതി, അവളെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ശ്രമമായിരുന്നോ?
‘ബെത്ലഹേം കുടുംബ യൂണിറ്റി’നെ ഈ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോഴാണ് വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാകുക.
ആഷ്‌ലിയുടെ ഭാവിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന ഒരാളാണ് അയാള്‍. തന്റെ തീരുമാനങ്ങള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ഒടുവില്‍ അവള്‍ സ്വന്തം ജീവിതം സ്വന്തമായി തിരഞ്ഞെടുക്കാന്‍ കഴിയുന്ന നിലയിലേക്ക് എത്തിയതില്‍ ആ കഥാപാത്രത്തിന് പങ്കുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ മറ്റൊരു ഹീറോയിസമായി വിനയുടെ കഥാപാത്രത്തെ വായിക്കാം.
Content Highlight: “Isn’t Vinay Forrt the real hero of ‘Bethlehem Family Unit’? A different reading”
