കേരളമെന്താ ഇന്ത്യയിലല്ലേ? ഓര്‍ത്തുകളിച്ചോ ബി.ജെ.പി; പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാര്‍
Kerala
കേരളമെന്താ ഇന്ത്യയിലല്ലേ? ഓര്‍ത്തുകളിച്ചോ ബി.ജെ.പി; പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാര്‍
നിഷാന. വി.വി
Monday, 2nd February 2026, 12:47 pm

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പാര്‍ലമെന്റ് കവാടത്തിനുമുന്നില്‍ പ്രതിഷേധവുമായി യു.ഡി.എഫ് എം.പിമാര്‍.

ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചുവെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു കേരളം എന്താ ഇന്ത്യയിലല്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ യു.ഡിഎഫ് എം.പിമാരുടെ പ്രതിഷേധം.

ഈ അവഗണന പാര്‍ലമെന്റിനകത്തും ഉന്നയിക്കുമെന്ന് എം.പിമാര്‍ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച്ച ഇതിലുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതിവേഗ റെയില്‍ സംബന്ധിച്ച് കേന്ദ്രവുമായി കൃത്യമായ ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നത് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബജറ്റ് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും പ്രതിപക്ഷം അന്ധരാണെന്നുമായിരുന്നു ബി.ജെ.പി ഇന്നലെ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും അതിനാല്‍ പ്രതിപക്ഷത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

രാജ്യത്തിന്റെ വികസനമാണ് ബജറ്റിന്റെ കേന്ദ്ര ബിന്ദു. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ബജറ്റ്, പ്രതിപക്ഷത്തുള്ളവര്‍ സ്വയം സാധാരണക്കാരാണെന്ന് കരുതുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

കേന്ദ്ര ബജറ്റിനെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.

Content Highlight: Isn’t Kerala part of India? BJP has forgotten; Opposition MPs protest in front of Parliament

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.