2026ലെ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ സഞ്ജു സാംസണിന് പകരം യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയത്. ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് അഭിഷേക് ശര്‍മയെയായിരുന്നു. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് താരം പുറത്തായത്. സഞ്ജു ഏഴ് റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 13 റണ്‍സും നേടി.

ഓപ്പണിങ്ങിൽ ഇറങ്ങിയ വൈഭവ് 21 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 38 റൺസും സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പർ താരം ഇഷാൻ കിഷനാണ്. 46 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 80* റൺസ് നേടി താരം പുറത്താകാതെ നിന്നു.

ഇതോടെ ഇഷാൻ കിഷൻ നേടിയെടുത്തത് ഒരു ചരിത്ര നേട്ടം കൂടെയാണ്. പുരുഷന്മാരുടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഉയർന്ന വ്യക്തിഗത സ്കോറുകൾ നേടുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് താരം. പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ യശസ്വി ജൈസ്വാളാണ്.

ഇഷാൻ കിഷൻ

പുരുഷന്മാരുടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഉയർന്ന വ്യക്തിഗത സ്കോറുകൾ നേടിയവർ

( സ്കോർ, താരം, എതിരാളി, വർഷം എന്നി ക്രമത്തിൽ )

100 – യശസ്വി ജയ്‌സ്വാൾ – നേപ്പാൾ – 2023

80* – ഇഷാൻ കിഷൻ – ശ്രീലങ്ക – 2026

55* – തിലക് വർമ – ബംഗ്ലാദേശ് – 2023

ലങ്കയ്ക്ക് വേണ്ടി നുവാനിന്ദു ഫെര്‍ണാണ്ടോയ്ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 11 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല. ഇതോടെ ശ്രീലങ്കയുടെ സ്വർണത്തിലേക്കുള്ള യാത്ര അവസാനിക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ആദ്യ ഫൈനലിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ ലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയും ഫൈനലില്‍ ഇടം നേടിയതോടെ മറ്റൊരു വമ്പന്‍ ഫൈനലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Content Highlights: Ishan Kishan registers the second-highest individual score for India in men’s Asian Games