irfan-habibന്യൂദല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ്- സി.പി.ഐ.എം ബന്ധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സംഘപരിവാറിനുവേണ്ടിയുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി പ്രമുഖ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് സഹയാത്രികനുമായ ഇര്‍ഫാന്‍ ഹബീബ്. ഇതുസംബന്ധിച്ച് ഇര്‍ഫാന്‍ ഹബീബ് പോളിറ്റ് ബ്യൂറോയ്ക്ക് കത്തുനല്‍കി വിശദീകരണം കാത്തിരിക്കുകയാണ്.

കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ആഭ്യന്തരതര്‍ക്കങ്ങള്‍ സംഘപരിവാറിനുവേണ്ടിയുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് തിരുത്തണമെന്നുമാണ് ഇര്‍ഫാന്‍ ഹബീബ് പാര്‍ട്ടിയോട് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്‌.

ബംഗാള്‍ സഖ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത ചേരിതിരവ് വ്യക്തിതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള വിഭാഗീയതയാണെന്ന ആരോപണം  പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചില ബുദ്ധിജീവികള്‍ ഉയര്‍ത്തിയിരുന്നു. ബംഗാള്‍ സഖ്യത്തെ പിന്തുണച്ച് പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവര്‍ ലേഖനമെഴുതുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ഹിംസാത്മക ശക്തിയായി ഉയര്‍ന്നുവരുന്ന സംഘപരിവാറിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ ബദല്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നാണ് ബംഗാള്‍ സഖ്യത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

അതിനിടെ, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ ഭാര്യയുമായി വൃന്ദകാരാട്ടിന്റെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലിലുണ്ടായ പ്രതിസന്ധിയുടെ ഭാഗമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കമെന്നും ആരോപണമുയരുന്നുണ്ട്. എന്‍.ഡി.ടി.വിയെ കെണിയിലാക്കി കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും നടത്തുന്ന ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഒരുവിഭാഗം പി.ബി അംഗങ്ങള്‍ ബംഗാള്‍ സഖ്യത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കെതിരെ നടത്തുന്ന പടയൊരുക്കങ്ങള്‍ എന്നാണ് ആരോപണം.