ഓരോ മത്സരങ്ങള്‍ അവസാനിക്കുമ്പോഴും വിസ്മയിപ്പിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി. 15 വയസുകാരന്‍ ഐ.പി.എല്ലില്‍ നടത്തുന്ന പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ലോകോത്തര ബൗളര്‍മാര്‍ക്ക് എതിരെ പോലും ഒട്ടും ഭയക്കാതെ ബിഗ് ഷോട്ടടിക്കുന്ന താരത്തിന്റെ ബാറ്റിങ് ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്.

മികച്ച ബാറ്റിങ് കാഴ്ച വെക്കുന്നതിനൊപ്പം തന്നെ പല റെക്കോഡുകളും വൈഭവ് തന്റെ പേരില്‍ ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലും താരം വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ 16 പന്തുകളില്‍ നിന്ന് 36 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

മൂന്ന് വീതം സിക്‌സുകളും ഫോറുകളുമായിരുന്നു വൈഭവ് ഈ ഇന്നിങ്‌സില്‍ അടിച്ചത്. 225.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളെ അടിച്ചൊതുക്കിയത്. മത്സരത്തില്‍ രാജസ്ഥാന്‍ തോല്‍വി വഴങ്ങിയെങ്കിലും വൈഭവ് ഒരു സൂപ്പര്‍ നേട്ടത്തില്‍ തലപ്പത്താണ്.

ഐ.പി.എല്ലില്‍ 18 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ലിസ്റ്റിലാണ് വൈഭവ് ഒന്നാം സ്ഥാനത്തുള്ളത്. 64 സിക്‌സറുകളാണ് താരം ഇതുവരെ അടിച്ച് കൂട്ടിയത്. ഈ ലിസ്റ്റില്‍ പിന്നിലുള്ളവരേക്കാള്‍ ഇരട്ടിയോളം സിക്‌സറുകളാണ് 15കാരന്‍ ഇതിനകം അടിച്ചിട്ടുളളത് എന്നത് ഇതിനോട് ചേര്‍ത്ത് വെക്കണം.

ഈ നേട്ടത്തില്‍ രണ്ടാമതുള്ളത് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. താരം ഐ.പി.എല്ലില്‍ 18 ഇന്നിങ്സുകള്‍ക്ക് ശേഷം 39 സിക്‌സറുകളാണ് അടിച്ചിരുന്നത്.

ഐ.പി.എല്ലില്‍ 18 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ച താരങ്ങള്‍, എണ്ണം

വൈഭവ് സൂര്യവംശി – 64

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 39

നിക്കോളാസ് പൂരന്‍ – 36

ഡെവാള്‍ഡ് ബ്രെവിസ് – 35

ഷോണ്‍ മാര്‍ഷ് – 35

വൈഭവ് സൂര്യവംശി.Photo: espncricinfo.com

ഐ.പി.എല്‍ 2025 സീസണില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് ഇതുവരെ 692 റണ്‍സ് നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് അടിച്ചിട്ടുള്ളത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് താരം ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമടക്കം 40 റണ്‍സെടുത്തിട്ടുണ്ട്.

Content Highlight: IPL 2026: Vaibhav Sooryavanshi tops the list of most sixes in IPL after 18 innings