പ്ലേ ഓഫും ഫൈനലുമില്ല, ചിത്രം തെളിഞ്ഞു; ഐ.പി.എല്ലില്‍ കാര്യങ്ങളിങ്ങനെ
IPL
പ്ലേ ഓഫും ഫൈനലുമില്ല, ചിത്രം തെളിഞ്ഞു; ഐ.പി.എല്ലില്‍ കാര്യങ്ങളിങ്ങനെ
ആദര്‍ശ് എം.കെ.
Thursday, 26th March 2026, 9:14 pm

 

ഐ.പി.എല്‍ 2026ലെ ലീഗ് മത്സരങ്ങളുടെ പൂര്‍ണ ഷെഡ്യൂള്‍ പുറത്തുവിട്ട് ബി.സി.സി.ഐ. ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങളുടെ ലിസ്റ്റാണ് ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുന്നത്.

മാര്‍ച്ച് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരം, അഥവാ 70ാം മത്സരം മെയ് 24നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഹോം ടീമും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ന് ശേഷം ഇതാദ്യമായാണ് ബെംഗളൂരു സീസണിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഷെഡ്യൂള്‍ രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കിയത്. ഏപ്രില്‍ 13 മുതലാണ് ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്

12ലധികം നഗരങ്ങളിലായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ദല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂര്‍ എന്നിവയ്ക്ക് പുറമെ ഗുവാഹത്തി, റായ്പൂര്‍, ധര്‍മശാല, ന്യൂ ചണ്ഡീഗഡ് (മുല്ലാന്‍പൂര്‍) എന്നിവിടങ്ങളിലും ഐ.പി.എല്‍ മത്സരങ്ങളെത്തും.

ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ട് ഹോം ഗ്രൗണ്ടുകളുണ്ട്. ഇത്തവണ ടീം രണ്ട് ഹോം മത്സരങ്ങള്‍ റായ്പൂരില്‍ കളിക്കും. ചരിത്രത്തിലാദ്യമായാണ് റോയല്‍ ചലഞ്ചേഴ്‌സ് അവരുടെ ഹോം മത്സരങ്ങള്‍ റായ്പൂരില്‍ കളിക്കുന്നത്.

മെയ് പത്തിന് മുംബൈ ഇന്ത്യന്‍സിനെതിരെയും മെയ് 13ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് ഈ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം. മെയ് 24ന് നടക്കുന്ന മത്സരത്തിന് കൊല്‍ക്കത്തയാണ് വേദിയാകുന്നത്.

ലീഗ് ഘട്ട പോരാട്ടങ്ങളുടെ ലിസ്റ്റ് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികളും തീയതികളും പിന്നീട് പ്രഖ്യാപിക്കും

ഇന്ധന-ഊര്‍ജ്ജ പ്രതിസന്ധികള്‍ ടൂര്‍ണമെന്റിനെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മത്സരങ്ങളുടെ എണ്ണം കുറയ്ക്കാതെ തന്നെ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ട് പോകാനാണ് ബി.സി.സി.ഐ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

 

Content Highlight: IPL 2026: Schedule for league matches

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.