സഞ്ജുവുള്ള ലിസ്റ്റിലേക്ക് അടിച്ച് കയറി ജെയ്സ്വാള്‍; ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം!
IPL
സഞ്ജുവുള്ള ലിസ്റ്റിലേക്ക് അടിച്ച് കയറി ജെയ്സ്വാള്‍; ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം!
ഫസീഹ പി.സി.
Wednesday, 8th April 2026, 8:26 am

ഐ.പി.എല്‍ 2026ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. മഴ മൂലം 11 ഓവറായി വെട്ടി ചുരുക്കിയ മത്സരത്തില്‍ 27 റണ്‍സിനാണ് ആര്‍.ആറിന്റെ ജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈയ്ക്ക് 123 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. അതോടെ തുടര്‍ച്ചയായ മൂന്നാം വിജയം നേടി പോയിന്റ് ടേബിള്‍ ഒന്നാമാതാവാന്‍ പിങ്ക് ആര്‍മിക്ക് സാധിച്ചു.

യശ്വസി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com

മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. താരം 32 പന്തില്‍ 77 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നാല് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മറ്റൊരു അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ ഒരു സൂപ്പര്‍ നേട്ടവും ജെയ്സ്വാള്‍ കുറിച്ചു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന പട്ടമാണ് തന്റെ പേരില്‍ കുറിച്ചത്. 19 50+ സ്‌കോര്‍ അടിച്ചാണ് താരത്തിന്റെ ഈ നേട്ടം.

നിലവിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും മുന്‍ ആര്‍.ആര്‍ താരവുമായിരുന്നു അജിന്‍ക്യ രഹാനെയോടൊപ്പമാണ് ജെയ്സ്വാള്‍ ഈ നേട്ടം പങ്കിടുന്നത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് സഞ്ജു സാംസണും ജോസ് ബട്‌ലറുമാണ്. ഇരുവരും 25 തവണയാണ് 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

ഐ.പി.എല്ലില്‍ ആര്‍.ആറിനായി ഏറ്റവും കൂടുതല്‍ 50+ നേടുന്ന താരങ്ങള്‍

(എണ്ണം – താരം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

25 – ജോസ് ബട്‌ലര്‍ – 82

25 – സഞ്ജു സാംസണ്‍ – 144

19 – യശസ്വി ജെയ്സ്വാള്‍ – 69

19 – അജിന്‍ക്യ രഹാനെ – 93

16 – ഷെയ്ന്‍ വാട്‌സണ്‍ – 76

മത്സരത്തില്‍ ജെയ്സ്വാളിന് പുറമെ വൈഭവ് സൂര്യവംശിയും തിളങ്ങി. താരം 14 പന്തില്‍ 39 റണ്‍സാണ് എടുത്തത്. പത്ത് പന്തില്‍ 20 റണ്‍സെടുത്ത് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സംഭാവന ചെയ്തു.

വൈഭവ് സൂര്യവംശി. Photo: iplt20.com

മുംബൈക്കായി അല്ലാഹ് ഗസന്‍ഫര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും നേടി.

മുംബൈ നിരയില്‍ ഷറഫെയ്ന്‍ റുഥര്‍ഫോര്‍ഡും നമന്‍ ധിറും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. റുഥര്‍ഫോര്‍ഡ് എട്ട് പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ നമന്‍ 13 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി.

രാജസ്ഥനായി സന്ദീപ് ശര്‍മ, നന്ദ്രേ ബര്‍ഗര്‍, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചറും തുഷാര്‍ ദേശ്പാണ്ഡെയും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: IPL 2026: RR vs MI: Yashasvi Jaiswal became second batter to hit most 50+ score for RR in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി