ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍. ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പിന്നാലെയാണ് വൈഭവിന്റെ ബാറ്റിങ് കരുത്തിന് അശ്വിന്‍ കയ്യടിച്ചത്.

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ വൈഭവിനെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആരാധകരുടെയും അനലിസ്റ്റുകളുടെയും ചര്‍ച്ചകളെ കുറിച്ചും അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിച്ചു. വൈഭവ് ഇപ്പോഴും കുട്ടിയാണെന്നും ശരിയായ സമയത്ത് തന്നെ വൈഭവ് ടീമിലെത്തുമെന്നും അശ്വിന്‍ പറഞ്ഞു. അവനെ അവന്റെ വഴിക്ക് വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍. അശ്വിന്‍

‘ഇപ്പോഴേ അത്തരത്തിലൊരു ടാര്‍ഗെറ്റ് അവന്റെ മുമ്പില്‍ വെക്കരുത്. അവന്‍ മുതിര്‍ന്ന ആളല്ല, ഇപ്പോഴും അവനൊരു കുട്ടിയാണ്. എം.എസ്. ധോണി 45 വയസുവരെ കളിക്കുന്നുണ്ടെങ്കില്‍, സൂര്യവംശി 40 വയസുവരെ കളിച്ചാലും അവനില്‍ രണ്ടര പതിറ്റാണ്ട് ഇനിയും ക്രിക്കറ്റില്‍ ബാക്കിയുണ്ട്.

ഇപ്പോള്‍ അവനെ വെറുതെ വിട്ടേക്കുക, ശരിയായ സമയത്ത് അവന്‍ സ്വയം ഉയര്‍ന്നുവരും. ഇന്ത്യയ്ക്കായി കളിക്കാതെ പോകാന്‍ മാത്രം അവനൊരിക്കലും ഒരു മോശം താരമല്ല. ശരിയായ സമയത്ത് അവന്‍ തീര്‍ച്ചയായും ഇന്ത്യയ്ക്കായി കളിക്കും.

അവന്‍ എപ്പോള്‍ കളിക്കും? ആ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ നമ്മള്‍ ഇനിയും കുറച്ച് കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്താണ് എല്ലായ്‌പ്പോഴും ഇങ്ങനെ തിടുക്കം കൂട്ടുന്നത്,’ അശ്വിന്‍ ചോദിച്ചു.

ചെന്നെയ്‌ക്കെതിരായ മത്സരത്തില്‍ 17 പന്തില്‍ 52 റണ്‍സടിച്ചാണ് വൈഭവ് പുറത്തായത്. അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 305.88 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. നേരിട്ട 15ാം പന്തിലാണ് വൈഭവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായും വൈഭവ് ഇടം നേടി. ഈ റെക്കോഡിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും വൈഭവ് തന്നെയാണ്.

ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരം

(താരം – ടീം – എതിരാളികള്‍ – പ്രായം വര്‍ഷം എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 14 വയസും 32 ദിവസവും – 2025

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 14 വയസും 54 ദിവസവും – 2025

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 15 വയസും 3 ദിവസവും – 2026*

റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 17 ദിവസവും 175 ദിവസവും – 2019

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ അനായാസ വിജയം സ്വന്തമാക്കുകയും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.

ഏപ്രില്‍ നാലിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ജയന്റ്‌സാണ് എതിരാളികള്‍.

 

Content highlight: IPL 2026: RR vs CSK: R Ashwin hails Vaibhav Suryavanshi