കോഹ്‌ലിയുടെ പകരമാര് എന്ന് ചോദിക്കുന്നത് പോലെയാണ് സഞ്ജുവിന്റെ കാര്യവും; തുറന്നുപറഞ്ഞ് രാജസ്ഥാന്‍ നായകന്‍
IPL
കോഹ്‌ലിയുടെ പകരമാര് എന്ന് ചോദിക്കുന്നത് പോലെയാണ് സഞ്ജുവിന്റെ കാര്യവും; തുറന്നുപറഞ്ഞ് രാജസ്ഥാന്‍ നായകന്‍
ആദര്‍ശ് എം.കെ.
Friday, 20th March 2026, 8:53 am

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ അഭാവത്തെ കുറിച്ച് പുതിയ സീസണിലെ നായകന്‍ റിയാന്‍ പരാഗ്. സഞ്ജു അതുല്യനായ താരമാണെന്നും അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് പരാഗ് പറയുന്നത്.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പരാഗ്.

സഞ്ജു സാംസണ്‍. Photo: Rajasthan Royals/x.com

‘സഞ്ജു സാംസണ്‍ അതുല്യനായ താരമാണ്. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇത് വിരാട് കോഹ്‌ലിയുടെ പകരക്കാരന്‍ ആരാണ് എന്ന് ചോദിക്കുന്നതിന് തുല്യമാണ്. സഞ്ജുവിനെ മറ്റാരെങ്കിലുമായി താരതമ്യം ചെയ്യുക, അതൊരിക്കലും സാധ്യമല്ല.

സഞ്ജുവും റിയാന്‍ പരാഗും മത്സരത്തിനിടെ. Photo: Rajasthan Royals/x.com

എന്നിരുന്നാലും എല്ലാ താരങ്ങളും വിജയിക്കാന്‍ വേണ്ടി മാത്രമാണ് കളിക്കുന്നത്. എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ കഴിവുകളുണ്ട്. കഴിഞ്ഞ സീസണില്‍ നിങ്ങള്‍ കണ്ടതുപോലെ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ഞങ്ങള്‍ പരാജയപ്പെട്ടത്.

കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ കളിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ നിര്‍ണായക ഘട്ടത്തില്‍ ഒരു ബൗണ്ടറി നേടാന്‍ സാധിച്ചിരുന്നെങ്കില്‍, അതുമല്ലെങ്കില്‍ എതിരാളികളെ അതില്‍ നിന്നും തടയാന്‍ സാധിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ കുറേക്കൂടി മുമ്പോട്ട് പോകാന്‍ സാധിക്കുമായിരുന്നു. ഇത്തവണ അത് തിരിച്ചറിഞ്ഞ് തിരുത്തുന്നതിനാണ് ഞങ്ങള്‍ ശ്രദ്ധ നല്‍കുന്നത്,’ റിയാന്‍ പരാഗ് പറഞ്ഞു.

മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ അഭാവത്തെ കുറിച്ച് സംസാരിച്ചിരുന്നു. രാജസ്ഥാനെ കുറിച്ച് ആലോചിക്കുമ്പോള്‍ സഞ്ജു സാംസണെയാണ് തനിക്ക് ഓര്‍മ വരിക എന്നായിരുന്നു ജിയോ ഹോട്‌സ്റ്റാറിന്റെ ഗെയിം പ്ലാനില്‍ സംസാരിക്കവെ ഫാഫ് പറഞ്ഞത്.

‘ഐ.പി.എല്ലിലെ ഐതിഹാസിക ടീമുകളെ പരിശോധിക്കുമ്പോള്‍ അവര്‍ക്കെല്ലാം ഒരു പ്രധാന ഇന്ത്യന്‍ താരം അഥവാ മാര്‍ക്വി പ്ലെയര്‍ ഉണ്ടാകും. വിരാട് കോഹ്ലി, എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവരെ പോലെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖമായിരുന്നു സഞ്ജു സാംസണ്‍.

സഞ്ജു സാംസണ്‍. Photo: Rajasthan Royals/x.com

രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ വരിക സഞ്ജു സാംസണിന്റെ മുഖം തന്നെയാണ്. ആ മുഖം നഷ്ടപ്പെട്ടത് രാജസ്ഥാനെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കും,’ ഡു പ്ലെസി പറഞ്ഞു.

11 വര്‍ഷം രാജസ്ഥാന്‍ ജേഴ്‌സിയില്‍ തുടര്‍ന്ന ശേഷമാണ് സഞ്ജു പുതിയ ടീമിനൊപ്പം കളത്തിലിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് സഞ്ജു പുതിയ സീസണില്‍ ബാറ്റെടുക്കുക.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.

 

Content Highlight: IPL 2026: Riyan Parag about Sanju Samson

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.