ആര്യയുടെ താണ്ഡവത്തില്‍ പിറന്നത് ചരിത്രം; ഇങ്ങനെയൊരാള്‍ ഇവന്‍ മാത്രം!
Cricket
ആര്യയുടെ താണ്ഡവത്തില്‍ പിറന്നത് ചരിത്രം; ഇങ്ങനെയൊരാള്‍ ഇവന്‍ മാത്രം!
ഫസീഹ പി.സി.
Tuesday, 12th May 2026, 10:12 am

ഐ.പി.എല്ലില്‍ പുതു ചരിത്രമെഴുതി പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഒരു മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിക്കുന്ന നേട്ടം ആവര്‍ത്തിക്കുന്ന ആദ്യ താരം എന്ന അപൂര്‍വ നേട്ടമാണ് 24കാരന്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന പഞ്ചാബ് കിങ്സ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയാണ് ഈ നേട്ടം.

മത്സരത്തില്‍ ദല്‍ഹി ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ പന്ത് തന്നെ ആര്യ സിക്‌സടിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് താരം ഇങ്ങനെ ആദ്യ പന്ത് ഗാലറിയില്‍ എത്തിക്കുന്നത്. 2025 സീസണിലായിരുന്നു ആദ്യത്തേത്.

സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തിലായിരുന്നു ആര്യയുടെ ഈ സിക്‌സര്‍. അന്ന് ഖലീല്‍ അഹമ്മദായിരുന്നു താരത്തിന്റെ സിക്‌സടിക്ക് ഇരയായത്.

ഐ.പി.എല്‍ ചരിത്രത്തില്‍ പ്രിയാന്‍ഷിന് പുറമെ നാല് പേര് ഒരു മത്സരത്തിലെ ആദ്യ പന്തില്‍ സിക്‌സടിച്ചിട്ടുണ്ട്. നമാന്‍ ഓജ, വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, യശസ്വി ജെയ്സ്വാള്‍ എന്നിവരാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമകള്‍. എന്നാല്‍, ഈ നേട്ടം ആവര്‍ത്തിക്കാന്‍ പ്രിയാന്‍ഷിന് അല്ലാതെ മറ്റാരും സാധിച്ചിട്ടില്ല.

ഐ.പി.എല്ലില്‍ ഒരു മത്സരത്തിലെ ആദ്യ പന്തില്‍ സിക്‌സ് നേടുന്ന താരങ്ങള്‍

(താരം – ടീം – ബൗളര്‍ – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

നമാന്‍ ഓജ – രാജസ്ഥാന്‍ റോയല്‍സ് – ബ്രാഡ് ഹോഡ്ജ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2009

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – വരുണ്‍ ആരോണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 2019

ഫില്‍ സാള്‍ട്ട് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – നുവാന്‍ തുഷാര – മുംബൈ ഇന്ത്യന്‍സ് – 2024

പ്രിയാന്‍ഷ് ആര്യ – പഞ്ചാബ് കിങ്സ് – ഖലീല്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2025

യശസ്വി ജെയ്സ്വാള്‍- രാജസ്ഥാന്‍ റോയല്‍സ് – മിച്ചല്‍ സ്റ്റാര്‍ക് – ദല്‍ഹി ക്യാപിറ്റല്‍സ് – 2026

പ്രിയാന്‍ഷ് ആര്യ – പഞ്ചാബ് കിങ്സ് – മിച്ചല്‍ സ്റ്റാര്‍ക് – ദല്‍ഹി ക്യാപിറ്റല്‍സ് – 2026

പ്രിയാൻഷ് ആര്യ. Photo: iplt20.com

അതേസമയം, മത്സരത്തില്‍ ആര്യ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരം 33 പന്തില്‍ ആറ് സിക്‌സറുകളും രണ്ട് ഫോറുകളുമടക്കം 56 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരത്തിന് പുറമെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (36 പന്തില്‍ 59*) കൂപ്പര്‍ കനോലിയും (27 പന്തില്‍ 38) മികവ് പുലര്‍ത്തിയെങ്കിലും പഞ്ചാബിന് വിജയിക്കാന്‍ സാധിച്ചില്ല.

Content Highlight: IPL 2026: Priyansh Arya became first batter to hit six in first ball of an IPL match twice

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി