നിറത്തിന്റെ പേരില്‍ നായകനെ പരിഹസിക്കുന്ന നാട്ടുകാര്‍, അയാള്‍ക്ക് ഇത്രയും നിറമുള്ള പെണ്‍കുട്ടിയെ എങ്ങനെ ഭാര്യയായി ലഭിച്ചുവെന്ന തരത്തിലുള്ള സംസാരങ്ങള്‍, ‘നിന്നെ തൊട്ടാല്‍ ചുവപ്പ് നിറം വരുമല്ലോ’ എന്ന് വെളുത്ത നിറത്തിലുള്ള ഭാര്യയോട് ചോദിക്കുന്ന നായകന്.
സുധി മാഡിസണ്‍ സംവിധാനം ചെയ്ത ധൂമകേതുവെന്ന ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചകളിലേക്ക് എത്തുന്നത് നിറത്തെ ചുറ്റിപ്പറ്റിയുള്ള ഇത്തരം സംഭാഷണങ്ങള്‍ കൊണ്ട് കൂടിയാണ്.
നടന് സജിന്‍ ഗോപു അവതരിപ്പിച്ച കുട്ടന് എന്ന നായക കഥാപാത്രത്തിന്റെ നിറത്തെ ചുറ്റിപ്പറ്റിയുള്ള ഇത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
നായകന്റെ നിറത്തെ ഇത്രയധികം ചര്‍ച്ചാവിഷയമാക്കുന്നത് എന്തിനാണെന്നാണ് വിമര്‍ശകരുടെ ചോദ്യം. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സൗന്ദര്യസങ്കല്പ്പങ്ങളുണ്ടാകാം. എന്നാല്‍ നിറത്തിന്റെ പേരില്‍ ഒരാളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്ന ഇത്തരം ഡയലോഗുകളും രംഗങ്ങളും വീണ്ടും വീണ്ടും സിനിമയില്‍ അവതരിപ്പിക്കുന്നത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു.

‘ധൂമകേതു’വില്‍ കുട്ടനെ എത്ര ഒരുക്കിയാലും ഭംഗിയാകില്ലെന്ന് പറയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് മുതല്‍ നാട്ടുകാര്‍ വരെ അയാളുടെ നിറത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത്തരം രംഗങ്ങള്‍ തമാശയായോ കഥയുടെ ഭാഗമായോ അവതരിപ്പിക്കുമ്പോഴും അതിനപ്പുറമുള്ള സാമൂഹിക സ്വാധീനം അവഗണിക്കാനാകില്ലെന്നാണ് വിമര്‍ശനം.
സിനിമയ്ക്ക് സമൂഹത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. നിറത്തിന്റെ പേരില്‍ പരിഹാസം നേരിടുന്നവരുടെ അനുഭവങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ എങ്ങനെയാണ് കഥാപാത്രത്തെ ബാധിക്കുന്നതെന്നും സമൂഹത്തിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്നും പ്രധാനമാണ്.

അല്ലാത്തപക്ഷം, കുട്ടികളുള്‍പ്പെടെയുള്ള പ്രേക്ഷകരില്‍ നിറത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം അറിയാതെ വളര്‍ത്താന്‍ ഇത്തരം രംഗങ്ങള്‍ കാരണമാകില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
നിറം ഒരാളുടെ കുറവല്ലെന്ന് തിരിച്ചറിയേണ്ട കാലത്ത്, അതിനെ വീണ്ടും അപകര്‍ഷതാബോധത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത് കാലഹരണപ്പെട്ട ചിന്താഗതിയല്ലേ എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങളെ വെറുതെ തമാശയായി കാണിക്കാതെ, അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും സംവിധായകരും എഴുത്തുകാരും ചിന്തിക്കേണ്ടതുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Does the hero’s skin colour need so much attention? ‘Dhoomakethu’ faces criticism.
