ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ടീം പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റിനാണ് ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ദല്‍ഹി വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഓപ്പണറായി എത്തിയ താരം 40 പന്തുകള്‍ നേരിട്ട് 75 റണ്‍സുമായാണ് മടങ്ങിയത്. 187.50 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് താരം ആറ് ഫോറും അഞ്ച് സിക്‌സുകളും അടിച്ചു.

കെ.എൽ. രാഹുൽ. Photo: iplt20.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ 200 സിക്‌സടിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. നിലവില്‍ ഈ പൊസിഷനില്‍ താരത്തിന് 201 സിക്‌സുകളുണ്ട്.
ഇതിനൊപ്പം തന്നെ സ്വാഭാവികമായും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന നേട്ടവും രാഹുല്‍ നേടിയെടുത്തു. ഇതുവരെ വിരാട് കോഹ്‌ലിയായിരുന്നു ഒന്നാമത്. ആര്‍.സി.ബി താരം 192 സിക്‌സുകളാണ് ഓപ്പണറായി ഇറങ്ങി അടിച്ചിട്ടുളളത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഇന്ത്യന്‍ ഓപ്പണര്‍, എണ്ണം
കെ.എല്‍. രാഹുല്‍ – 201
വിരാട് കോഹ്‌ലി – 192
രോഹിത് ശര്‍മ – 148
ശിഖര്‍ ധവാന്‍ – 143
ശുഭ്മന്‍ ഗില്‍ – 129

പാതും നിസങ്ക. Photo: IndianPremierLeague/x.com
രാഹുലിന് പുറമെ ദല്‍ഹിക്കായി പാതും നിസങ്കയും അര്‍ധ സെഞ്ച്വറി നേടി. താരം 33 പന്തില്‍ 62 റണ്‍സാണ് എടുത്തത്.
ഇവര്‍ക്കൊപ്പം നിതീഷ് റാണ (17 പന്തില്‍ 33), അശുതോഷ് ശര്‍മ (15 പന്തില്‍ 25*), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (11 പന്തില്‍ 18*), എന്നിവരും മികവ് പുലര്‍ത്തി. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍, കൈല്‍ ജാമിസണ്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: IPL 2026: KL Rahul became first Indian opener to hit 200 sixes in IPL
