റണഭിഷേകത്തിൽ ശ്രേയസും വീണു; ഓറഞ്ച് കൊടുങ്കാറ്റിൽ ആടിയുലയാതെ സഞ്ജു
Cricket
റണഭിഷേകത്തിൽ ശ്രേയസും വീണു; ഓറഞ്ച് കൊടുങ്കാറ്റിൽ ആടിയുലയാതെ സഞ്ജു
ഫസീഹ പി.സി.
Wednesday, 6th May 2026, 10:24 pm

2026 ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരം ഉപ്പൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ഒമ്പത് ഓവറുകൾ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 74 റൺസെടുത്തിട്ടുണ്ട്. 22 പന്തിൽ 27 റൺസെടുത്ത കൂപ്പർ കനോലിയും എട്ട് പന്തിൽ ആറ് റൺസെടുത്ത സുര്യൻഷ് ഷെഡ്‌ജെയുമാണ് ക്രീസിലുള്ളത്.

പഞ്ചാബിന് മർക്കസ് സ്റ്റോയ്‌നിസ് (19 പന്തിൽ 24), ശ്രേയസ് അയ്യർ (അഞ്ച് പന്തിൽ അഞ്ച്), പ്രഭ്സിമ്രാൻ സിങ് (നാല് പന്തിൽ മൂന്ന്), പ്രിയാൻഷ് ആര്യ (മൂന്ന് പന്തിൽ ഒരു റൺസ്) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പാറ്റ് കമ്മിൻസ്, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ മലിംഗ, ശിവാംഗ് കുമാർ എന്നിവർക്കാണ് വിക്കറ്റ്.

അഭിഷേക് ശർമ. Photo: iplt20.com

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നാല് വിക്കറ്റിന് 235 റൺസെടുത്തിരുന്നു. മത്സരത്തിൽ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ മികച്ച തുടക്കം നൽകിയാണ് മടങ്ങിയത്. 13 പന്തിൽ 35 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 269.23 സ്ട്രൈക്ക് റേറ്റിലായിരുന്നു ഓപ്പണറുടെ ബാറ്റിങ്. നാല് സിക്സറുകളും രണ്ട് ഫോറുകളുമാണ് ഇടം കൈയ്യൻ ബാറ്ററുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതോടെ ഒരു സൂപ്പർ നേട്ടത്തിലും അഭിഷേക് ഇടം നേടി. 200+ ടീം ടോട്ടലിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ മൂന്നാമതാകാനാണ് ഹൈദരാബാദ് ഓപ്പണർക്ക് സാധിച്ചത്. 81 സിക്സുകൾ നേടിയാണ് താരത്തിന്റെ ഈ നേട്ടം.

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മറികടന്നാണ് അഭിഷേക് മൂന്നാം സ്ഥാനത്തെത്തിയത്. തന്റെ ടീം 200+ സ്കോർ എടുത്ത മത്സരങ്ങളിൽ ശ്രേയസ് 78 സിക്സുകളാണ് അടിച്ചിട്ടുള്ളത്. ഈ ലിസ്റ്റിൽ ഒന്നാമത് മലയാളി താരം സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പർ 92 സിക്സുകൾ അടിച്ചിട്ടുണ്ട്‌.

200+ ടീം ടോട്ടലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരങ്ങൾ, എണ്ണം

സഞ്ജു സാംസൺ – 92

വിരാട് കോഹ്‌ലി – 82

അഭിഷേക് ശർമ – 81

ശ്രേയസ് അയ്യർ – 78

ഇഷാൻ കിഷൻ – 74

ശിവം ദുബെ – 59

രോഹിത് ശർമ – 58

ഹൈദരബാദിനായി ഹെൻറിക് ക്ലാസൻ (43 പന്തിൽ 69) റൺസും ഇഷാൻ കിഷൻ (32 പന്തിൽ 55) ട്രാവിസ് ഹെഡ് (19 പന്തിൽ 38), നിതീഷ് കുമാർ റെഡ്ഡി (13 പന്തിൽ 29*) എന്നിവർ തിളങ്ങി. യുസ്വേന്ദ്ര ചഹൽ, ലോക്കി ഫെർഗുസൻ, അർഷ്ദീപ് സിങ്, വിജയകുമാർ വൈശാഖ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Content Highlight: IPL 2026: Abhishek Sharma rise to third in the list most IPL Sixes in 200+ Team Totals

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി