ഐ.പി.എല്ലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ മാറ്റിമറിക്കാന്‍ പോലും വളര്‍ന്ന ഐ.പി.എല്‍ ഇപ്പോള്‍ അതിന്റെ 18ാം എഡിഷനിലാണ് എത്തിനില്‍ക്കുന്നത്. മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.

ടൂര്‍ണമെന്റന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാത്ത ടീമന്നെ കളങ്കം മറക്കാനാണ് ആര്‍.സി.ബി ഇറങ്ങുന്നത്.

ഇപ്പോള്‍ ഐ.പി.എല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയ ബൗളറെ കുറിച്ച് സംസാരിക്കുകയാണ് വിരാട്. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമെന്നാണ് വിരാട് അഭിപ്രായപ്പെടുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് വിരാട് ബുംറയെ കുറിച്ച് സംസാരിക്കുന്നത്.

‘ഒരു സംശയവുമില്ലാതെ പറയാം, നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബൗളര്‍ ജസ്പ്രീത് ബുംറയാണ്. അവന്‍ എന്നെ ഐ.പി.എല്ലില്‍ പുറത്താക്കിയിട്ടുണ്ട്, ബുംറയ്‌ക്കെതിരെ ഞാനും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

അവനെ നേരിടുന്നതിനെ കുറിച്ച് ഞാന്‍ സംസാരിക്കുമ്പോഴെല്ലാം തന്നെ അത് ആവേശം നിറഞ്ഞ വെല്ലുവിളിയായിരിക്കുമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്. നെറ്റ്‌സില്‍ അവനെ നേരിടുമ്പോള്‍ ഈ അനുഭവം ലഭിക്കില്ല.

പരിശീലന മത്സരങ്ങളില്‍ അവനെ നേരിടുമ്പോള്‍ പോലും അത് യഥാര്‍ത്ഥ മത്സരമാണെന്ന് തോന്നിപ്പോകും. ശരിക്കും പറഞ്ഞാല്‍ ആവേശം നിറഞ്ഞ ഐ.പി.എല്‍ മത്സരമെന്ന പോലെ.

ഓരോ പന്തുകളും സ്ട്രാറ്റജിക് ബാറ്റില്‍ പോലെയാണ്, അവന്‍ ഓരോ പന്തിലും എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നു, ഞാനാകട്ടെ എന്റെ എല്ലാ കഴിവും ഉപയോഗിച്ച് പുറത്താകാതെ ക്രീസില്‍ തന്നെ ഉറച്ചുനില്‍ക്കാനും. ഒരു യഥാര്‍ത്ഥ മത്സരത്തിന്റെ സമ്മര്‍ദമായിരിക്കും അപ്പോള്‍ ഉണ്ടാവുക.

നെറ്റ്‌സില്‍ ഞാന്‍ സെറ്റ് ചെയ്ത മാനദണ്ഡമാണ് അവന്‍. അവനെ നേരിടുന്നത് എല്ലായ്‌പ്പോഴും ഞാന്‍ ആസ്വദിക്കുന്നു, അതേസമയം, അതുതന്നെയാണ് ഞാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും,’ വിരാട് പറഞ്ഞു.

ഐ.പി.എല്ലില്‍ പരസ്പരം നേര്‍ക്കുനേര്‍ വന്ന 16 ഇന്നിങ്‌സുകളില്‍ അഞ്ച് തവണ ബുംറ വിരാടിനെ പുറത്താക്കിയിട്ടുണ്ട്.

 

അതേസമയം, ബുംറയ്‌ക്കെതിരെ വിരാടിന്റെ പ്രകടനവും മികച്ചതാണ്. 95 പന്തില്‍ 147.36 സ്‌ട്രൈക്ക് റേറ്റില്‍ 140 റണ്‍സാണ് വിരാട് നേടിയത്. 15 ഫോറും അഞ്ച് സിക്‌സറും ബുംറയ്‌ക്കെതിരെ നേടിയിട്ടുണ്ടെങ്കിലും താരത്തിന്റെ ശരാശരി 28.00 മാത്രമാണ്.

ഏപ്രില്‍ ഏഴിനാണ് റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2025: Virat Kohli says Jasprit Bumrah is the toughest bowler he has faced