സുരേഷ് നാരായണന്റെ ഇരട്ട ജീവിതത്തിന് സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചത് വിജയ് മല്യയുടെ മൂവായിരം കോടിയിലധികം രൂപയുടെ കടം എസ്.ബി.ഐ എഴുതിത്തള്ളിയെന്ന ടെലിവിഷന്‍ വാര്‍ത്തയുടെ ശബ്ദ ശകലം സിനിമയില്‍ ഉപയോഗിച്ചതിനാണ്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കമണമെങ്കില്‍ പ്രസ്തുത ഭാഗം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടത്.
രാഷ്ട്രീയത്തെ സിനിമയിലൂടെ അവതരിപ്പിക്കുന്ന എണ്ണത്തില്‍ കുറവായവരില്‍ ഒരാളാണ് സുരേഷ് നാരായണന്‍. ഏതൊരു കലാരൂപത്തെയും പോലെ തന്നെ സിനിമയും രാഷ്ട്രീയത്തിന് പുറത്തല്ല. എന്നാല്‍ രാഷ്ട്രീയത്തെ സിനിമയിലൂടെ അവതരിപ്പിക്കുവാന്‍ മടി കാണിക്കുന്നവരാണ് മിക്കവരും. തമിഴ് നാട്ടിലെ കൂടംകുളം ആണവവിരുദ്ധ സമരത്തെക്കുറിച്ചുള്ള “തിരുടപ്പെട്ട ജനനായകം”, കേരളത്തിലെ ഖനന-രാഷ്ട്രീയ മാഫിയകളുടെ അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള “”ഊര് കവരുന്നു ഉയിരും” എന്നീ ഡോക്യുമെന്ററികള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ സാമാന്തര സിനിമാ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവമുള്ള സുരേഷ് നാരായണന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഇരട്ടജീവിതം എന്ന ചലച്ചിത്രം പുറത്തിറങ്ങാന്‍ പോവുകയാണ്. തന്റെ സിനിമാനുഭവങ്ങളെക്കുറിച്ച് സുരേഷ് നാരായണന്‍ വിശദീകരിക്കുന്നു.
ഒറ്റനോട്ടത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് ഇരട്ടജീവിതം എന്ന സിനിമ കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. ഇരട്ടജീവിതത്തെക്കുറിച്ച് വിശദീകരിക്കാമോ?
ലൈംഗിക ന്യൂനപക്ഷ വിഷയം എന്ന ഒറ്റ ഫ്രെയിമിലേക്ക് ഇരട്ടജീവിതത്തെ ഒതുക്കാന്‍ കഴിയില്ല. കാരണം പല ലെയറുകളിലായാണ് ഇരട്ടജീവിതത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. മധ്യകേരളത്തിലെ ഒരു മുസ്ലിം ഭൂരിപക്ഷ മത്സ്യബന്ധന ഗ്രാമത്തില്‍ രണ്ടുപെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മുഖ്യമായും സിനിമയുടെ പ്രമേയം. പല സ്റ്റേജുകളിലായി സംഭവിക്കുന്ന കഥയായതിനാല്‍ കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങള്‍ സിനിമയുടെ കൂടെ പശ്ചാത്തലമാണ്. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ സൂക്ഷ്മതകളെ അടയാളപ്പെടുത്തുന്നതോടൊപ്പം ഒരു മത്സ്യബന്ധന ഗ്രാമത്തിന്റെ ജീവിത സവിശേഷതകളെയും സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളുടെ സമകാലീന ഇന്ത്യന്‍ ജീവിതാവസ്ഥകളിലൂടെ ഓരോ കഥാപാത്രവും കടന്നുപോകുന്നുമുണ്ട്.
തീരദേശത്തിന്റെ പശ്ചാത്തലത്തില്‍ 2006 ല്‍ പുറത്തുവന്ന ചാന്തുപൊട്ട് എന്ന സിനിമ ലൈംഗിക ന്യൂനപക്ഷ കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതായിരുന്നു. എന്നാല്‍ ഈ സിനിമ കേരളത്തിലെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയോട് ചെയ്ത ക്രൂരതകളെ കുറിച്ച് മുഹമ്മദ് ഉനൈസ് എന്ന യുവാവ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തീരദേശത്തിന്റെ തന്നെ പശ്ചാത്തലത്തില്‍ തന്നെ ട്രാന്‍സ്ജെന്‍ടര്‍ വിഷയവുമായി ഇരട്ടജീവിതം വരുമ്പോള്‍, കേരളത്തിലെ മാറി വന്ന ജെന്‍ഡര്‍ സംവാദങ്ങളുടെ അന്തരീക്ഷം ഇവിടെ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും പ്രതീക്ഷിക്കാം. ചാന്തുപൊട്ട് എന്ന സിനിമയില്‍ ഒരു ലൈംഗിക ന്യൂനപക്ഷത്തെ കാണിക്കുന്നത് അല്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ സൃഷ്ടി തന്നെ ഒരു വിനോദോപാധിയായിട്ടാണ്. ലാഭാതിഷ്ഠിത സിനിമകള്‍ പലപ്പോഴും ദളിതുകളും ആദിവാസികളും ലൈംഗികന്യൂനപക്ഷങ്ങളുമടങ്ങുന്ന മനുഷ്യജീവിതങ്ങളെ ഇത്തരത്തില്‍ സൃഷ്ടിക്കാറുണ്ട്.
എന്നാല്‍ സ്വതന്ത്രസിനിമകള്‍ ചെയ്യാറുള്ളത് അല്ലെങ്കില്‍ ചെയ്യേണ്ടത് ഒരു കഥാപാത്രത്തെ വളരെ സത്യസന്ധമായും അതിന്റെ സാമൂഹികാന്തരീക്ഷത്തോടുകൂടി പകര്‍ത്തുക എന്നതാണ്. ഇരട്ടജീവിതം ചര്‍ച്ച ചെയ്യുന്നത് അതിലെ കഥാപാത്രമായ ആമിന എന്ന അദ്രമാനെ പുരുഷാധിപത്യമൂല്യങ്ങള്‍ നിറഞ്ഞ ഒരു സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ചാണ്. നാമിന്ന് എത്തിനില്‍ക്കുന്ന ജെന്‍ഡര്‍ സംവാദങ്ങളുടെ ഏറ്റവും വലിയ ഗുണം ലൈംഗികന്യൂനപക്ഷങ്ങളുടെ ഇന്നത്തെ വിസിബിലിറ്റിയാണ്.
എന്നാല്‍ ഇതിന്റെ സൂക്ഷ്മതയില്‍ മറ്റൊരു വിഷയം ഒളിഞ്ഞ് കിടക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കിടയില്‍ പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് മാറിയവരുടെ വിസിബിലിറ്റിയാണ് ഇവിടെ കൂടുതലായുള്ളത്. എന്നാല്‍ തിരിച്ച് സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നവരെ എവിടെയും കാണാനില്ല. അവര്‍ക്കെവിടെയും ഒരു സ്വീകാര്യതയും കിട്ടാറുമില്ല.
എല്‍.ജി.ബി.ടി സമൂഹത്തിന്റെ മുന്നേറ്റത്തോട് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകള്‍ ഐക്യപ്പെട്ടു തുടങ്ങുന്ന കാലം തൊട്ട് ഇന്നു വരെ ഈ സ്ഥിതിയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടില്ല. മൊത്തം സമൂഹത്തിലെ പുരുഷാധിപത്യപരമായ ചില പ്രതിലോമ ഘടകങ്ങള്‍ തന്നെയാണ് ഇവിടെ തടസ്സമായി നില്‍ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത്തരം ചില സൂക്ഷ്മതളിലേക്ക് കൂടി “ഇരട്ടജീവിതം” കടന്നുചെല്ലുന്നുണ്ട്.
എങ്ങനെയാണ് ഇരട്ടജീവിതത്തിലേക്കെത്തുന്നത്?
തൃശ്ശൂര്‍ ജില്ലയിലെ അഞ്ചങ്ങാടി സ്വദേശിയായ അഹമ്മദ് മൊയിനുദ്ദീന്റെ ഇരട്ടജീവിതം എന്ന കഥയില്‍ നിന്നാണ് സിനിമയുണ്ടാകുന്നത്. പക്ഷേ കഥയുടെ നേരിട്ടുള്ള ചലച്ചിത്രാവിഷ്‌കാരമല്ല സിനിമ. പ്രധാനമായും രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് കഥയില്‍ നിന്നെടുത്തത്. ഒരു ദുരന്തത്തില്‍ ചെന്നവസാനിക്കുന്ന കഥയുടെ രീതിയല്ല സിനിമ പിന്തുടര്‍ന്നത്. ട്രാന്‍സ് സാഹചര്യങ്ങളെല്ലാം ദുരന്തങ്ങളിലവസാനിക്കുന്ന ഭൂതകാലാവസ്ഥകളെ ഇനിയും പിന്തുടരേണ്ടതില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരം മാറ്റങ്ങളുണ്ടായത്.
മൂന്ന് പെര്‍സ്പെക്ടീവിലൂടെയാണ് സിനിമ വികസിക്കുന്നത്. സൈനുവും ആമിനയും കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ്. സൈനുവിന്റെ ഓര്‍മകളിലൂടെ, കുട്ടിക്കാലം മുതല്‍ ആമിനയുമായുള്ള തന്റെ ബന്ധത്തെയും, അതിലൂടെ ആമിനയിലുണ്ടായിരുന്ന അദ്രമാന്‍ എന്ന പുരുഷനെയും കണ്ടെത്തുന്നതാണ് ഒരു ലെയര്‍. മറ്റൊന്ന് മത്സ്യത്തൊഴിലാളിയായ മൊയ്തുവിന്റെ സമകാലീന ജീവിതാനുഭവങ്ങള്‍ക്കിടയിലെ അദ്രമാനാണ്. മൂന്നാമത്തേത് പുഷ്പ എന്ന സ്ത്രീ തൊഴിലാളിയുടെ ജീവിതവും അവരുടെ വീക്ഷണങ്ങളിലെ അദ്രമാനുമാണ്.
സ്വതന്ത്ര സിനിമകള്‍ക്ക് നേരെ മാത്രം ഇത്തരമൊരു ആക്രമണം ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത് എന്തുകൊണ്ടായിരിക്കും?
അതൊരുപക്ഷേ സ്വതന്ത്ര സിനിമകളുടെ പ്രമേയപരമായ സത്യസന്ധതകള്‍ കൊണ്ടായിരിക്കാം. നിലനില്‍ക്കുന്ന കാലത്തിന്റെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ അടയാളപ്പെടുത്താന്‍ സ്വതന്ത്ര സിനിമകള്‍ ശ്രമിക്കാറുണ്ട്. സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ഗതിവിഗതികളെയും സ്വതന്ത്ര സിനിമകള്‍ അവയുടെ പ്രമേയമായി തെരഞ്ഞെടുക്കാറുണ്ട്. ലാഭാതിഷ്ഠിത സിനിമകളില്‍ കാണാത്ത പ്രമേയപരമായ ഈ സത്യസന്ധതയെ ഭരണകൂടം പേടിക്കുന്നുവെന്നത് തന്നെയാണ് നേരത്തെ പറഞ്ഞ ആക്രമണങ്ങള്‍ക്ക് ഒരു കാരണം.

മറ്റൊന്ന് ഭരണകൂടങ്ങളുടെ വികസന സങ്കല്‍പങ്ങളെ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളിക്കുന്നു എന്നതാണ്. ഭരണകൂടം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ മുഖ്യ പങ്കു വഹിക്കുന്ന ലാഭാതിഷ്ഠിത സിനിമകളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെന്നും സ്നേഹമായിരിക്കും. അതേ സമയം സ്വതന്ത്ര സിനിമകളോട് തീര്‍ത്താല്‍ തീരാത്ത വൈരവും. സിനിമാ മേഖലയെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊണ്ട സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തന്നെ ഏതുതരം സിനിമകളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നത് വളരെ കൗതുകകരമാണ്.
ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെ യിലെ മലയാള സിനിമയുടെ ഇന്നലെകളെക്കുറിച്ചുള്ള സിഗ്‌നേച്ചര്‍ ഫിലിമില്‍ ഒരു കൂട്ടം കൊമേഴ്ഷ്യല്‍ സിനിമകള്‍ മാത്രമാണുണ്ടായിരുന്നത്. പ്രമേയം കൊണ്ടും ആഖ്യാനശൈലി കൊണ്ടും ലോക സിനിമയോട് മത്സരിക്കാന്‍ ശേഷിയുള്ള നിരവധി സമാന്തര സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിരുന്നിട്ടും അവയിലൊന്ന് പോലും ഈ സിഗ്‌നേച്ചര്‍ ഫിലിമിലുണ്ടായിരുന്നില്ല. ജോണ്‍ എബ്രഹാം എന്ന സംവിധായകനെ പോലും അവര്‍ മറന്നു. ഇതൊരു വല്ലാത്ത ദുരന്തമാണ്.
ഒരര്‍ത്ഥത്തില്‍ ചില ഗുണവശങ്ങളുണ്ടായെങ്കിലും ഐ.എഫ്.എഫ്.കെ പോലൊരു അന്താരാഷ്ട ചലച്ചിത്രമേളയുടെ നെറ്റ് ഔട്ട്പുട്ട് എന്നത് കസബ പോലൊരു കൊമേഴ്ഷ്യല്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയായി മാറി എന്നത് ഇത്തരം മേളകളുടെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറെ ഖേദകരമാണ്.
അധികാരത്തിന്റെ പിന്‍ബലം കൂടി ലഭിച്ചതോടു കൂടി സിനിമയടക്കമുള്ള കലാവിഷ്‌കാരങ്ങള്‍ക്ക് മേലുള്ള സംഘപരിവാറിന്റ ഇടപടെല്‍ തീവ്രമാവകുയാണല്ലോ. കബോഡി സ്‌കേപ്സ്, സെക്സി ദുര്‍ഗ പോലുള്ള സിനിമകള്‍ നേരിട്ട അനുഭവങ്ങള്‍ ഇതിനുദാഹരണമാണ്. ഒരു കലാരൂപം എന്ന രീതിയില്‍ സിനിമയെ ഇത് എങ്ങിനെയായിരിക്കും ബാധിക്കുക? സിനിമാ മേഖലയില്‍ കൂട്ടായ പ്രതിരോധങ്ങള്‍ക്ക് സാധ്യതയുണ്ടോ?
സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ ആക്രമണങ്ങള്‍ക്കെതിരെ സംഘടിതമായൊരു പ്രതിരോധം സാധ്യമാകുന്ന സിനിമാന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. പ്രധാനമായും അതിന്റെ കാരണമെന്നത് സിനിമ നിര്‍മ്മിക്കാനാവശ്യമായ മൂലധനം തന്നെയാണ്.
ജനങ്ങള്‍ക്കിടയില്‍ കൃത്യമായ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഒരു മാധ്യമം എന്ന രീതിയില്‍ സിനിമ ജനകീയമാണ് എന്നത് ശരിയാണ്. പക്ഷേ, ജനങ്ങള്‍ അല്ലെങ്കില്‍ സമൂഹത്തിന്റെ യഥാസ്ഥിതി എത്രമാത്രം സിനിമയിലുണ്ട് എന്നതിലൂടെയാവണം സിനിമ ജനകീയമാവേണ്ടത്. ഇന്ന് കേവലം ഒരു വിനോദവ്യവസായം എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്ന മുഖ്യാധാരാ സിനിമാലോകത്ത് ഒരു പ്രതിരോധത്തിന്റെ സാധ്യതയില്ലെന്ന് മാത്രമല്ല, അവര്‍ക്കതിന്റെ ആവശ്യവുമില്ല.
സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സിനിമയുടെ പിറകില്‍ തന്നെയായിരുന്നു. ആദ്യഘട്ട എഴുത്തും ചര്‍ച്ചകളും കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങള്‍ കടന്നുവന്നു. പിന്നീട് അതു പരിഹരിക്കാനുള്ള നെട്ടോട്ടത്തിലായി. ഇതിനിടയിലാണ് പ്രിയനന്ദന്‍ സംവിധാനം ചെയ്ത പുലിജന്മത്തിന്റെ നിര്‍മാതാവ് എം.ജി വിജയ് സഹായവുമായി വരുന്നത്. “അത് നമുക്ക് ചെയ്യാം” എന്ന് വിജയേട്ടന്‍ പറഞ്ഞതോടുകൂടി സിനിമ മുന്നോട്ടു നീങ്ങി.
വളരെ ചെറിയ ബഡ്ജറ്റില്‍ താരപരിവേശങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടം കഴിവുറ്റ നടീനടന്‍മാരുമായാണ് സിനിമ ചിത്രീകരിച്ചത്. സുഹൃത്തുക്കളായ സാങ്കേതിക വിദഗ്ദരും കലാകാരന്‍മാരുമൊക്കെ തന്നെയാണ് പിന്നണിയില്‍ കൂടെയുണ്ടായിരുന്നത്. അത് തന്നെയായിരുന്നു ഏറ്റവും വലിയ ധൈര്യവും.

2016 നവംബര്‍ 9 ന് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് തലേ ദിവസം രാത്രിയില്‍ നോട്ടുനിരോധനമെന്ന ദുരന്തം സംഭവിക്കുന്നത്. ഷൂട്ടിംഗിന്റെ മുഴുവന്‍ പദ്ധതികളെയും അത് ബാധിച്ചു. ഒരു തരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. അഞ്ഞൂറു രൂപയുമായി പെയിന്റ് വാങ്ങാന്‍ പോയയാളെ കടക്കാരന്‍ കഴുത്തിന് പിടിച്ചു പുറത്താക്കിയ സംഭവം പോലുമുണ്ടായി. ഒരു ഗതിയുമില്ലാതെ ഒടുക്കം ഏഴാം ദിവസം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു. സാമ്പത്തികമായി വന്‍ ബാധ്യതയാണ് ഇതുണ്ടാക്കിയത്.
നാലു മാസങ്ങള്‍ക്കു ശേഷം ഏപ്രിലിലാണ് പിന്നീട് രണ്ടാംഘട്ട ഷൂട്ടിംഗ് നടന്നത്. ചേറ്റുവയ്ക്കടുത്തുള്ള അഞ്ചങ്ങാടിയിലായിരുന്നു ഷൂട്ടിംഗ്. അവിടുത്തെ സാധാരണ മനുഷ്യരുടെ പിന്തുണയും സഹകരണവും മറക്കാനാകാത്തതാണ്. അവരില്‍ ഒരുപാട് പേരുടെ വിയര്‍പ്പും സ്നേഹവും സാമൂഹ്യബോധവുമെല്ലാം ഇരട്ടജീവിതത്തിലുണ്ട്.
നോട്ടുനിരോധനമല്ലാതെ മറ്റെന്തെങ്കിലും തടസ്സങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടിരുന്നോ?
നേരിട്ടിരുന്നു. സിനിമയുടെ സെന്‍സറിംഗുമായി ബന്ധപ്പെട്ടായിരുന്നു അത്. 2016 നവംബര്‍ 16 ന് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത സിനിമയിലെ ഒരു രംഗത്തില്‍ ടെലിവിഷന്‍ വാര്‍ത്തയുടെ ഓഡിയോ ഓവര്‍ലാപ്പ് ആയി വരുന്നുണ്ടായിരുന്നു. 17500 കോടി രൂപയുടെ വന്‍കടങ്ങള്‍ എസ്.ബിഐ എഴുതിത്തള്ളി എന്നതും അതില്‍ 3000 കോടി രൂപയുടെ വായ്പകള്‍ മദ്യ വ്യവസായി വിജയ് മല്യയുടെതാണ് എന്നതുമായിരുന്നു ഈ ഓഡിയോ.
2017 ഒക്ടോബര്‍ 27 നാണ് സെര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനത്തിന് ശേഷം കമ്മിറ്റിയുമായി നടന്ന ഔദ്യോഗിക മീറ്റിംഗില്‍ അവര്‍ പറഞ്ഞത് ഈ ഓഡിയോയിലെ വിജയ് മല്യ എന്ന പേര് ഒഴിവാക്കിയാല്‍ സര്‍ട്ടിഫിക്കറ്റ് താരമെന്നാണ്. എന്നാല്‍ അവരുടെ വെബ്സൈറ്റില്‍ സ്‌ക്രീനിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്ന തിരുത്തലുകളില്‍ ഇങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നുമില്ല.

സര്‍ട്ടിഫിക്കറ്റിനായി അവര്‍ പറയുന്ന ദിവസങ്ങളില്‍ ആറ് തവണയോളം സി.ബി.എഫ്.സി ഓഫീസില്‍ പോകേണ്ടി വന്നു. ഓരോ പ്രാവശ്യവും റീജിയണല്‍ ഓഫീസര്‍ മറ്റൊരു ദിവസം വരാന്‍ വേണ്ടി പറയുകയായിരുന്നു. ഏറ്റവുമൊടുക്കം ഡിസംബര്‍ 20 ന്, ഇനിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയാല്‍ ഈ വര്‍ഷത്തെ ചിത്രമായി പരിഗണിക്കപ്പെടില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് “ആ വിജയ് മല്യയുടെ പേര് നീക്കിക്കോളൂ. സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ തരാം” എന്നായിരുന്നു.
സമാനമായ അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രിയനന്ദന്‍ സമവിധാനം ചെയ്ത “”ഞാന്‍ നിന്നോട് കൂടെയുണ്ട്” എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു ഞാന്‍. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വൈദ്യശാലയിലെ ഒരു പച്ചിലക്കെട്ടിനെ ചൂണ്ടി “കഞ്ചാവല്ലേ ഇത്” എന്ന് ചോദിക്കുന്നുണ്ടായിരുന്നു ഇതിലെ കഞ്ചാവ് എന്ന പദം നീക്കം ചെയ്യാനായിരുന്നു റീജിയണല്‍ ഓഫീസര്‍ ഡോ.പ്രതിഭയുടെ നിര്‍ദേശം.
എന്നാല്‍ ഇതേ സമയത്ത് തന്നെ കഞ്ചാവിനെ പ്രമേയപരമായി അവതരിപ്പിച്ച ഒരു മുഖ്യധാരാ സിനിമയ്ക്ക് ഇത്തരമൊരുനുഭവം നേരിടേണ്ടി വന്നിട്ടില്ല. 2017 ല്‍ തന്നെ വിജയ് മല്യയെ കുറിച്ച് പ്രതിപാദിക്കുന്ന വേറയും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്വതന്ത്രസിനിമകള്‍ക്ക് നേരെ മാത്രമാണ് ഭരണസംവിധാനങ്ങള്‍ അവരുടെ അധികാരമുഷ്‌കുമായി വരുന്നത്.

ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്നതിനപ്പുറം കേരളത്തിന്റെ ജനകീയ രാഷ്ട്രീയ രംഗത്തും താങ്കള്‍ ഉണ്ടായിരുന്നല്ലോ. പ്രത്യേകിച്ചും നിരവധി ജനകീയ സമരങ്ങളില്‍. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെ എങ്ങിനെയാണ് കാണുന്നത്?
ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം അടിസ്ഥാനപരമായി ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നമ്മുടെ രാഷ്ട്രീയം മറ്റുള്ളവരുമായി സംവദിക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പാട്ടുകളിലൂടെ, മുദ്രാവാക്യങ്ങളിലൂടെ, കവിതകളിലൂടെ, ചിത്രങ്ങളിലൂടെ, സിനിമകളിലൂടെ ഒക്കെയും നമുക്കത് സാധ്യമാകും. ഞാന്‍ ഇതില്‍ സിനിമ തെരഞ്ഞെടുത്തു എന്ന് മാത്രം.
വളരെ ചെറുപ്പം തൊട്ട് തന്നെ സിനിമ എന്ന ചിന്ത മനസ്സിലുണ്ട്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ തന്നെ ഞാന്‍ പല സിനിമാ സംഘങ്ങളുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അസിസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കുറെ കാലം ഗള്‍ഫിലായിരുന്നു. തിരിച്ചു വന്നതിന് ശേഷം വീണ്ടും സിനിമകളുടെ ഭാഗമായി.
സംവിധായകന്‍ പ്രിയനന്ദനുമായുള്ള അടുത്ത സൗഹൃദം സിനിമാ ജീവിത്തതില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രിയന്റെ നെയ്ത്തുകാരന്‍ എന്ന സിനിമയുടെ ആലോചനകള്‍ നടക്കുന്ന കാലം മുതലുള്ള സൗഹൃദമാണ്. ഇരട്ടജീവിതത്തിന് മുമ്പ് അവസാനമായി വര്‍ക്ക് ചെയ്തതും പ്രിയനോടൊപ്പമാണ്.
