ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് പരാജയം. മയാമിയിലെ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിഗ എം.എക്‌സ് ടീം ക്ലബ്ബ് ലിയോണിനോടായിരുന്നു മയാമിയുടെ തോല്‍വി.

ഈ പരാജയത്തിന് പിന്നാലെ ഹെറോണ്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.

പിതാവിന്റെ വിയോഗത്തിന് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ മെസിക്ക് പരാജയം രുചിക്കേണ്ടി വന്നതും ആരാധകരെ കൂടുതല്‍ നിരാശരാക്കി.

മെസിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകനന്‍ ഗില്ലര്‍മോ ഹോയോസ് ഹെറോണ്‍സിനെ കളത്തിലിറക്കിയത്. 4-4-2 എന്ന ഫോര്‍മേഷനാണ് അദ്ദേഹം അവലംബിച്ചത്. മറുവശത്ത് ലിയോണ്‍ 4-1-4-1 എന്ന ശൈലിയിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തില്‍ മയാമിയാണ് ലീഡ് നേടിയത്. ഇയാന്‍ ഫ്രേയുടെ അസിസ്റ്റില്‍ ഡാനിയല്‍ പിന്റര്‍ എതിരാളികളുടെ വലകുലുക്കി. ഇതോടെ ആദ്യ പകുതിയില്‍ ലീഡുമായി മയാമി ആധിപത്യം സ്വന്തമാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിന്ററിനെ പിന്‍വലിച്ച പരിശീലകന്‍ മെസിയെ കളത്തിലിറക്കി. മറുവശത്ത് ലിയോണും നിര്‍ണായക സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തി.

50ാം മിനിട്ടില്‍ ഡാനിയല്‍ ആര്‍സിലയിലൂടെ ലിയോണ്‍ ഒപ്പമെത്തിയെങ്കിലും 54ാം മിനിട്ടില്‍ യാനിക് ബ്രൈറ്റ് വീണ്ടും മയാമിക്ക് ലീഡ് സമ്മാനിച്ചു.

എന്നാല്‍ 61ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി യുവാന്‍ പാബ്ലോ ലിയോണിനെ ഒപ്പമെത്തിച്ചതോടെ മത്സരം കൂടുതല്‍ ആവേശകരമായി.

83ാം മിനിട്ടില്‍ ആര്‍സിലയിലൂടെ ലീഡ് നേടിയ ലിയോണ്‍ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ആ ലീഡ് നിലനിര്‍ത്തുകയും ചെയ്തു.

എം.എല്‍.എസില്‍ ഞായറാഴ്ചയാണ് മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ജിയോഡിസ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ നാഷ്‌വില്ലാണ് എതിരാളികള്‍.

 

Content Highlight: Inter Miami eliminated from Leagues Cup