ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് പറ്റിയത് നിസാര പരിക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗോകുലം മൂവീസാണ് കേരളത്തിലെ വിജയാഘോഷ പരിപാടികള്‍ നടത്തിയിരുന്നത്.

ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ച് അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും നിസാര പരിക്ക് പറ്റിയിരുന്നു.

അതേസമയം കേരളത്തിലേക്ക് താന്‍ ഇനിയും വരുമെന്ന് ലോകേഷ് അറിയിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക,’ ലോകഷ് എക്‌സില്‍ കുറിച്ചു.

മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചിരുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Injury minor, will return to Kerala; Lokesh Kanagaraj assured