പുഷ്പയുടെ പാന്‍ ഇന്ത്യന്‍ വിജയത്തിന് ശേഷം അല്ലു അര്‍ജുനും ജവാന്റെ ചരിത്രവിജയത്തിന് ശേഷം അറ്റ്‌ലീയും ചെയ്യുന്ന പ്രൊജക്ട് എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് രാക്ക. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടി കയറിയ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഒരു ഗ്ലിംപ്‌സോ ട്രെയ്‌ലറോ പുറത്തുവിടാത്തതില് ആരാധകര്‍ക്ക് ചെറിയ നിരാശയുണ്ട്.
കഴിഞ്ഞദിവസം രാക്കയുടെ നിര്‍മാതാക്കള്‍ ആരാധകരെ ആകാംക്ഷയിലാക്കിക്കൊണ്ട് ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരുന്നു. 37 എന്നെഴുതിയ പോസ്റ്റര്‍ പലരിലും ആകാംക്ഷയുണ്ടാക്കി. ആരാധകര്‍ പലതും ഡീക്കോഡ് ചെയ്‌തെങ്കിലും അതിനെയെല്ലാം തകിടം മറിക്കുന്ന റിവീലായിരുന്നു വൈകുന്നേരം പുറത്തുവിട്ടത്. രാക്കയുടെ ടീമിന് ലഭിച്ച ഗിന്നസ് റെക്കോഡിനെക്കുറിച്ചുള്ള വീഡിയോയായിരുന്നു സണ്‍ പിക്‌ചേഴ്‌സ് റിവീല്‍ ചെയ്തത്.

രാക്ക Photo: Sun Pictures/ X.com
മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജി ഉപയോഗിച്ച് ഏറ്റവുമധികം ആളുകളെ ഒരേസമയം ഷൂട്ട് ചെയ്തതിന്റെ ഗിന്നസ് റെക്കോഡാണ് രാക്ക സ്വന്തമാക്കിയത്. ഈ സീനിനായി പ്രത്യേകം മോക്യാപ് (MoCap) സ്‌റ്റേജ് നിര്‍മിച്ചതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്തത്. ഹോളിവുഡ് സിനിമകള്‍ പോലും പരീക്ഷിക്കാന്‍ മടിക്കുന്ന ഇത്തരമൊരു കാര്യം ചെയ്തതിന് സംവിധായകന്‍ അറ്റ്‌ലീയെയും നിര്‍മാതാവ് കലാനിധി മാരനെയും പലരും അഭിനന്ദിക്കുകയാണ്.
എന്നാല്‍ ഈ അപ്‌ഡേറ്റിന് ചെറിയ രീതിയില്‍ ട്രോളുകളും ലഭിക്കുന്നുണ്ട്. ഈ വീഡിയോ പുറത്തുവിടാനായിരുന്നോ ഇത്രയും വലിയ ബില്‍ഡപ്പെന്നാണ് പലരും ചോദിക്കുന്നത്. 37 എന്ന നമ്പര്‍ മാത്രം പുറത്തുവിട്ടപ്പോള്‍ വലിയ തിയറികളായിരുന്നു തെലുങ്ക് സിനിമാപേജുകള്‍ പങ്കുവെച്ചത്. ഹോളിവുഡ് സൂപ്പര്‍സ്റ്റാറും ഓസ്‌കര്‍ ജേതാവുമായി വില്‍ സ്മിത് രാക്കയില്‍ അഭിനയിക്കുന്നു എന്ന് വരെ തിയറികളുണ്ടായിരുന്നു.

നിലവില്‍ വില്‍ സ്മിത് ചെയ്തുകൊണ്ടിരിക്കുന്ന ഐ ആം ലെജന്‍ഡ് 2 അദ്ദേഹത്തിന്റെ 36ാമത്തെ സിനിമയാണെന്നും രാക്ക 37ാമത് സിനിമയാകുമെന്നുമുള്ള സൂചനയാണെന്നും ഇത്തരം തിയറികളില്‍ ആളുകള്‍ ചിന്തിച്ചുകൂട്ടി. റിലീസിന് മുമ്പ് ഗിന്നസ് റെക്കോഡ് നേടിയ സിനിമയെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രമാണോ ഇതെന്നും ചിലര്‍ ചോദിക്കുന്നു.
അല്ലുവിന്റെയും അറ്റ്‌ലീയുടെയും കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാക്ക. 650 കോടിക്ക് ബജറ്റിട്ട ചിത്രം ഇപ്പോള്‍ 900 കോടിക്കടുത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷന്‍ ക്യാപ്ചറിനും പ്രോസ്‌തെറ്റിക് മേക്കപ്പിനുമെല്ലാം ഹോളിവുഡിലെ വമ്പന്മാരാണ് രാക്കയില്‍ അണിനിരക്കുന്നത്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Fans response on latest update of Raaka movie
