ലോകകപ്പിൽ ഒറ്റ മത്സരം മാത്രം കളിച്ച രാജ്യം; ചരിത്രത്തിലെ ഒരേയൊരു നിർഭാഗ്യവാന്മാർ
Football
ലോകകപ്പിൽ ഒറ്റ മത്സരം മാത്രം കളിച്ച രാജ്യം; ചരിത്രത്തിലെ ഒരേയൊരു നിർഭാഗ്യവാന്മാർ
Sudev A
Saturday, 16th May 2026, 12:49 pm

2026 ലോക ഫുട്ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

പല രാജ്യങ്ങളും കിരീടം ചൂടി ലോകത്തിന്റെ നെറുകയിലെത്തുമ്പോള്‍ പല ടീമുകളുടെയും കണ്ണീരിന് കൂടി ലോകകപ്പ് വേദിയാകാറുണ്ട്. ഓരോ രാജ്യങ്ങളും ലോകം കീഴടക്കുകയെന്ന സ്വപ്നവുമായി ലോകകപ്പിലെത്തുമ്പോള്‍ പല ടീമുകളും നിര്‍ഭാഗ്യത്തിന്റെ ചരിത്രം കൂടി ലോകകപ്പില്‍ അടയാളപ്പെടുത്തും.

അത്തരത്തിലൊരു നിര്‍ഭാഗ്യത്തിന്റെ ചരിത്രം വേട്ടയാടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ. വെറും ഒറ്റ മത്സരം കൊണ്ട് ലോകകപ്പിന്റെ വിശ്വവേദിയില്‍ നിന്നും അപ്രത്യക്ഷമായവര്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരേയൊരു മത്സരം മാത്രം കളിച്ച രാജ്യമാണ് ഇന്തോനേഷ്യ. 1938ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിലായിരുന്നു ഇന്തോനേഷ്യ തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പ് കളിച്ചത്.

1938ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് എന്ന പേരിലാണ് ഇന്തോനേഷ്യ കളത്തിലിറങ്ങിയത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന തലയെടുപ്പോടെയായിരുന്നു ഇന്തോനേഷ്യ പോരാട്ടത്തിനിറങ്ങിയത്.

എന്നാല്‍ ആ വര്‍ഷം ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. നേരിട്ട് റൗണ്ട് ഓഫ് 16ല്‍ നിന്നായിരുന്നു ടൂര്‍ണമെന്റ് തുടങ്ങിയിരുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ഹംഗറിയോട് പരാജയപ്പെട്ടാണ് ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചത്. മത്സരത്തില്‍ എതിരില്ലാത്ത ഒരു ആറ് ഗോളുകള്‍ക്കായിരുന്നു ഹംഗറിയുടെ ജയം.

അരങ്ങേറ്റ മത്സരത്തിലെ തോല്‍വിയോടെ ഇന്തോനേഷ്യ ആ വര്‍ഷത്തിലെ ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു. ഇതിന് ശേഷം നടന്ന ലോകകപ്പുകളില്‍ ഒരിക്കല്‍ പോലും പന്തുതട്ടാനുള്ള ഭാഗ്യം ഇന്തോനേഷ്യക്ക് ലഭിച്ചിട്ടില്ല.

2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ ഇന്തോനേഷ്യക്ക് സാധിച്ചിരുന്നില്ല. ഏഷ്യന്‍ യോഗ്യത മത്സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ ഇറാഖിനോടും സൗദി അറേബ്യയോടും പരാജയപ്പെട്ടാണ് ഇന്തോനേഷ്യയുടെ ഈ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചത്.

Content Highlight:  Indonesia is the only country in the history of the Football World Cup to have played a match

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.