ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. മൈതാനത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണ് താന്‍ കൂടുതലായി വൈഭവുമായി സംസാരിക്കാറുള്ളതെന്നും വളരെ ശാന്തനായ വ്യക്തിയാണ് വൈഭവെന്നും അയ്യര്‍ പറഞ്ഞു. മാത്രമല്ല മൈതാനത്തിറങ്ങിയാല്‍ വൈഭവ് അത്യന്തം ആക്രമണകാരിയും അപകടകാരിയുമാണെന്നും ഈ വൈരുധ്യമാണ് വൈഭവില്‍ ഏറെ ശ്രദ്ധേയമായി തോന്നുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
‘മൈതാനത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ കൂടുതലായി വൈഭവുമായി സംസാരിക്കാറുള്ളത്. കാരണം, എല്ലാവരും അവനോട് ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനാല്‍, മൈതാനത്തിന് പുറത്തുള്ള അവന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവന്‍ എന്താണ് ചെയ്യുന്നത്, എന്തൊക്കെയാണ് ഇഷ്ടപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമാണ്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
അത്തരം സംഭാഷണങ്ങളിലാണ് അവനും കൂടുതല്‍ സ്വതന്ത്രമായി ഇടപെടുന്നത്. വളരെ ശാന്തനായ വ്യക്തിയാണ് അവന്‍. എന്നാല്‍ മൈതാനത്തിറങ്ങിയാല്‍ അത്യന്തം ആക്രമണകാരിയും അപകടകാരിയുമാണ്. ഈ വൈരുധ്യമാണ് അവനില്‍ ഏറെ ശ്രദ്ധേയമായി തോന്നുന്നത്,’ ശ്രേയസ് അയ്യര്‍ ജിയോസ്റ്റാറില്‍ പറഞ്ഞു.
അതേസമയം 2026 ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഗോള്‍ഡ് മെഡല്‍ ഇന്ത്യ നിലനിര്‍ത്തിയിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ജപ്പാനിലെ കൊറോഗി സ്‌പോര്‍ട്സ് പാര്‍ക്കില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശിയും ഫൈനലിലും സെമി ഫൈനലിലും കളത്തിലിറങ്ങി മികവ് പുലര്‍ത്തിയിരുന്നു. ഫൈനലില്‍ ഒമ്പത് പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 15 റണ്‍സാണ് താരം നേടിയത്. ശ്രീലങ്കയ്ക്ക്‌കെതിരായ സെമി ഫൈനലില്‍ 21 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 38 റണ്‍സും താരം ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയിരുന്നു.
Content Highlight: Indian Captain Shreyas Iyer Praises Young Player Vaibhav Sooryavanshi
