നോ ബോളിന് പിന്നാലെ നോ ബോള്‍! അനാവശ്യ നോ ബോളുകളുടെ കാരണവും പരിഹാരവും വ്യക്തമാക്കി ബൗളിങ് പരിശീലകന്‍
Sports News
നോ ബോളിന് പിന്നാലെ നോ ബോള്‍! അനാവശ്യ നോ ബോളുകളുടെ കാരണവും പരിഹാരവും വ്യക്തമാക്കി ബൗളിങ് പരിശീലകന്‍
ആദർശ് എം.കെ.
Wednesday, 26th August 2026, 10:34 pm

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തുടര്‍ച്ചയായ നോ ബോള്‍ പിഴവുകളെക്കുറിച്ച് പ്രതികരിച്ച് ടീമിന്റെ സ്പിന്‍ ബോളിങ് പരിശീലകന്‍ സായ്‌രാജ് ബഹുതുലെ.

കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസത്തെ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ ടീമിന് തലവേദനയാകുന്ന ഈ വിഷയത്തില്‍ അദ്ദേഹം സംസാരിച്ചത്.

സ്പിന്നര്‍മാര്‍ വിക്കറ്റ് നേടാനോ അധിക സ്പിനും വേഗതയും കണ്ടെത്താനോ അമിതമായി ശ്രമിക്കുമ്പോഴാണ് ഇത്തരം നോബോളുകള്‍ സംഭവിക്കുന്നതെന്ന് ബഹുതുലെ വിശദീകരിച്ചു.

സായ്‌രാജ് ബഹുതുലെ

‘നോ ബോളുകളുടെ കാര്യം ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. ചില സമയങ്ങളില്‍ ഇത് ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യം സത്യമാണ്. ജഡേജയായാലും സാരാന്‍ഷ് ജെയിനായാലും മറ്റാരായാലും, ഈ വിഷയം പരിഹരിക്കാന്‍ ഞങ്ങള്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും അവരുടെ ബോളിങ് രീതി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരു ബൗളര്‍ അല്‍പം അധിക പരിശ്രമം നടത്താന്‍ നോക്കുമ്പോഴാണ് സാധാരണയായി ഇത്തരം നോബോളുകള്‍ സംഭവിക്കുന്നത്,’ അദ്ദേഹം വിശദീകരിച്ചു.

മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ കുറയ്ക്കാന്‍ ടെസ്റ്റ് ക്രിക്കറ്റിലും ‘ഫ്രീ ഹിറ്റ്’ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ബഹുതുലെ തമാശരൂപേണ സംസാരിച്ചു.

‘നിയമങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആളല്ല, എങ്കിലും ടെസ്റ്റിലും ഫ്രീ ഹിറ്റ് കൊണ്ടു വന്നാല്‍ തീര്‍ച്ചയായും നോ ബോളുകളുടെ എണ്ണം കുറയും. ഒരു ടീമും അനാവശ്യമായി ഒരു അധിക പന്തും അധിക റണ്‍സും എതിരാളികള്‍ക്ക് വിട്ടുനല്‍കാന്‍ ആഗ്രഹിക്കില്ലല്ലോ.’

പരമ്പരയിലുടനീളം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിരന്തരം നോബോളുകള്‍ എറിയുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

രവീന്ദ്ര ജഡേജ പരമ്പരയിലാകെ എട്ട് നോബോളുകളും (ഗല്ലെ ടെസ്റ്റില്‍ നാലും കൊളംബോയില്‍ നാലും) അരങ്ങേറ്റക്കാരനായ സാരാന്‍ഷ് ജെയ്ന്‍ ഇതുവരെ 6 നോബോളുകളും എറിഞ്ഞിട്ടുണ്ട്.

ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തളച്ചിടാന്‍ ഇന്ത്യ കൃത്യമായ തന്ത്രങ്ങളാണ് പയറ്റിയതെന്നും ബഹുതുലെ കൂട്ടിച്ചേര്‍ത്തു. സാരന്‍ഷ് ജെയ്‌നോട് അല്പം വേഗത കൂട്ടിയറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍, മറുവശത്ത് ജഡേജ റണ്‍സ് വിട്ടുനല്‍കാതെ നിയന്ത്രിച്ചു നിര്‍ത്തി.

തന്റെ അരങ്ങേറ്റ പരമ്പരയില്‍ സാരന്‍ഷ് ജെയിന്‍ കാഴ്ചവെച്ച ബോളിങ് മികവിനെയും അദ്ദേഹം പ്രശംസിച്ചു. അതേസമയം, യുവ സ്പിന്നര്‍ മാനവ് സുതറിന് രണ്ടാം ടെസ്റ്റ് അല്പം വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും കരിയറിലെ തുടക്കകാലത്ത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത് മികച്ച പഠനാനുഭവമാണെന്ന് കോച്ച് അഭിപ്രായപ്പെട്ടു.

നാലാം ദിവസം മഴ കാരണം കളി നേരത്തെ നിര്‍ത്തുമ്പോള്‍ ഫോളോ ഓണിനിറങ്ങിയ ശ്രീലങ്ക 229/6 എന്ന നിലയിലാണ്.

 

Content Highlight: India spin bowling coach Sairaj Bahutule addressed the team’s ongoing no-ball concerns

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.