ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മത്സരം നടക്കുക.

“വളരെ വിഷമകരമായ സമയമാണിത്. ആക്രമണം ഉണ്ടായിക്കഴിഞ്ഞു. വിശ്വസിക്കാന്‍ കഴിയുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. നമുക്ക് പാക്കിസ്താനുമായി ഒരു ബന്ധവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെ തന്നെ ചെയ്തു കൊണ്ടിരിക്കും. ക്രിക്കറ്റിലായാലും അങ്ങനെ തന്നെ വേണം”- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.


“ഇന്ത്യ, പാകിസ്താനെതിരെ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. രാജ്യമാണ് ഏറ്റവും വലുത്. അതിന്റെ പിന്നില്‍ നാം എല്ലാവരും അണിനിരക്കണം. ക്രിക്കറ്റായാലും ഹോക്കിയായാലും അവരെ മാറ്റി നിര്‍ത്തണം. നമ്മുടെ ജവാന്മാര്‍ നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ ഏത് കായിക ഇനമായാലും പാകിസ്താനുമായി മത്സരം വേണ്ടെന്നും” ഹര്‍ഭജന്‍ പറഞ്ഞു.

സെമി ഫൈനലിലോ ഫെനലിലോ ആണ് പാകിസ്താനുമായി കളിക്കേണ്ടി വരുന്നതെങ്കിലും അതിനെ മറികടക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്കു പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.


ഏകദിന ലോകകപ്പ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന കടുത്ത ആവശ്യമാണ് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബാഫ്ന മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താന്‍ നിലപാട് മാറ്റുന്നതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ ഉണ്ടാവില്ലെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും ശുക്ല പറഞ്ഞിരുന്നു. ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് മാറ്റുംവരെ ആ രാജ്യവുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും ശുക്ല പറഞ്ഞിരുന്നു.