കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
kERALA NEWS
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 9:30 pm

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു.

കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‌ലാലിന്റേയും കൃപേഷിന്റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. സംസ്‌ക്കാര ചടങ്ങില്‍ ഇരുവരുടേയും കൂട്ടുകാരും ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തരും പങ്കെടുത്തു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.


വിലാപയാത്രയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും ടി. സിദ്ധിഖും അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചിരുന്നു.

പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ 10 കേന്ദ്രങ്ങളിലായി നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കാഞ്ഞങ്ങാട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കല്യോട്ട് പരക്കെ ആക്രമണം അരങ്ങേറി.

വിലാപയാത്ര കടന്നു പോയ വഴിയിലെ സി.പി.ഐ.എം അനുഭാവിയുടെ കട തീവെച്ച് നശിപ്പിക്കുകയും നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.