ഇന്ത്യ മൂന്ന്, വിന്‍ഡീസ് ഒന്ന്; ലോകകപ്പിന്റെ അപൂര്‍വ ചരിത്രവുമായി നീലപ്പട
Cricket
ഇന്ത്യ മൂന്ന്, വിന്‍ഡീസ് ഒന്ന്; ലോകകപ്പിന്റെ അപൂര്‍വ ചരിത്രവുമായി നീലപ്പട
ഫസീഹ പി.സി.
Tuesday, 10th March 2026, 3:41 pm

ആരാധകര്‍ക്ക് വാനോളം ആവേശം നല്‍കി മറ്റൊരു ടി – 20 ലോകകപ്പിന് വിരാമം കുറിച്ചിരിക്കുകയാണ്. കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായി ഇന്ത്യയാണ് ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ഒപ്പം കപ്പുയര്‍ത്തുന്ന ആദ്യ ടീം, മൂന്നാം കിരീടം ചൂടിയ ആദ്യ ടീം എന്ന നേട്ടവും നീലപ്പട തങ്ങളുടെ പേരിലാക്കി.

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെന്‍ ഇന്‍ ബ്ലൂ 256 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു.

2026 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീം. Photo: BCCI/x.com

ഇത് പിന്തുടര്‍ന്ന കിവീസ് 159 റണ്‍സിന് പുറത്തായതോടെ ഇന്ത്യ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം നേടുകയായിരുന്നു. ഇതിന് മുമ്പ് ഇന്ത്യ 2007ലും 2024ലുമാണ് കിരീടം നേടിയത്.

ലോകകപ്പില്‍ പൊതുവെ ചെയ്സ് ചെയ്യുന്ന ടീമാണ് കപ്പുയര്‍ത്താറുള്ളത്. എന്നാല്‍, ഈ പതിവ് തെറ്റിച്ചത് രണ്ട് ടീമുകള്‍ മാത്രമാണ്. ടി – 20 ലോകകപ്പില്‍ നാല് തവണ മാത്രമാണ് ബാറ്റ് ചെയ്ത ടീമുകള്‍ കിരീടമുയര്‍ത്തിയിട്ടുള്ളത്. അതില്‍ മൂന്ന് തവണ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ഒരു തവണ വെസ്റ്റ് ഇന്‍ഡീസും സ്വന്തമാക്കി.

2007 ഫൈനലില്‍ പാകിസ്ഥാനെതിരെ ഇറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 158 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. അന്ന് പാക് ടീമിനെ ധോണിയുടെ സംഘം 152ന് പുറത്താക്കി കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു.

2012 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസ് ടീം. Photo: Espncricinfo.com

അതിന് ശേഷം ടി – 20 ലോകകപ്പിന്റെ നാലാം എഡിഷനിലായ 2012ലാണ് ആദ്യം ബാറ്റ് ചെയ്ത ടീം കപ്പുയര്‍ത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 101 റണ്‍സിന് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.

2024 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീം. Photo: BCCI/x.com

അടുത്ത എഡിഷനുകളിലെല്ലാം ഫൈനലില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. വീണ്ടും ആദ്യം ബാറ്റ് ചെയ്ത ടീം കപ്പടിച്ച ചരിത്രം പിറന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം 2024ലാണ്. അന്ന് സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് രോഹിത്തിന്റെ പട ഈ ചരിത്രം ആവര്‍ത്തിച്ചത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ കപ്പുയര്‍ത്തിയിരിക്കുന്നു.

Content Highlight:  India have won their all three T20 World Cups with batting first while West Indies won one trophy

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി