തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ മൂന്ന് രാജ്യങ്ങള്‍ വിചാരിച്ചാല്‍ സാധിക്കില്ല; തീവ്രവാദത്തിനെതിരെ ഇന്ത്യ, ചൈന, റഷ്യ സംയുക്ത പ്രസ്താവന
national news
തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ മൂന്ന് രാജ്യങ്ങള്‍ വിചാരിച്ചാല്‍ സാധിക്കില്ല; തീവ്രവാദത്തിനെതിരെ ഇന്ത്യ, ചൈന, റഷ്യ സംയുക്ത പ്രസ്താവന
ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 6:36 pm

ബീജിങ്ങ്: തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കരുതെന്നും, രാഷ്ട്രീയ നേട്ടത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളെ കൂട്ടു പിടിക്കരുതെന്നും ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ചൈനയിലെ വൂഴെന്നില്‍ നടന്ന 16-ാമത് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടു.

എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും രാജ്യങ്ങള്‍ രാജ്യങ്ങള്‍ അപലപിച്ചു. വളര്‍ന്നു വരുന്ന പ്രധാന വാണിജ്യ രാജ്യങ്ങളെന്ന നിലയ്ക്ക് ഇന്ത്യയും, റഷ്യയും, ചൈനയും സമാധാനത്തെയും, സ്ഥിരതയെയും, വികസനത്തേയും പിന്തുണക്കുന്നതില്‍ സമാനമായ താല്‍പര്യമാണ് വെച്ചു പുലര്‍ത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തീവ്രവാദത്തിനെതിരെ യു.എന്നിന്റെ നേതൃത്വത്തില്‍ ആഗോളതലത്തിലുള്ള ഇടപെടലുണ്ടാവണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. “തീവ്രവാദം മാനവികതയ്ക്ക് ഭീഷണിയാണ്. ഞങ്ങള്‍ മൂന്ന് രാജ്യങ്ങളുടെ നയതന്ത്രനീക്കങ്ങള്‍ മാത്രം മതിയാവില്ല”- സുഷമ സ്വരാജ് പറഞ്ഞു.

പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഇന്ത്യക്ക് ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തേണ്ടി വന്നതെന്ന് സുഷമ സ്വരാജ് നേരത്തെ പറഞ്ഞിരുന്നു. ബാലക്കോട്ടിലേത് ഒരു സൈനിക നടപടി ആയിരുന്നില്ലെന്നും ഇന്ത്യ പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രങളേയും അക്രമിച്ചിട്ടില്ലെന്നും സുഷമ പറഞ്ഞിരുന്നു.

അതേസമയം, പാകിസ്ഥാന്‍ സേന ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും, പാകിസ്ഥാന്റെ എഫ്-16 ജെറ്റ് തകര്‍ത്തതായി ഇന്ത്യന്‍ സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഒരു പൈലറ്റ് തങ്ങളുടെ കൈവശം ആണെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റിനെ കാണാതായി എന്ന് സമ്മതിക്കുമ്പോഴും പാകിസ്ഥാന്റെ പക്കലാണ് പൈലറ്റ് എന്ന് ഇന്ത്യ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

Also Read ഹൈക്കമ്മീഷണര്‍മാരെ ഇന്ത്യയും പാകിസ്ഥാനും വിളിച്ചുവരുത്തി

ജെയ്‌ഷെ മുഹമ്മദിന്റെ പരിശീല ക്യാമ്പുകള്‍ തകര്‍ക്കാന്‍ ബലാക്കോട്ടില്‍ നടത്തിയ ഇന്ത്യന്‍ സൈനിക നടപടിക്ക് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ പ്രത്യാക്രമണം.

അതേസമയം, ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യം കൂടുതല്‍ വഷളായാല്‍ കാര്യങ്ങള്‍ തന്റേയോ നരേന്ദ്ര മോദിയുടേയോ കൈകളില്‍ നില്‍ക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.