ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം നടത്തിയ ചലോ ദില്ലി മാര്‍ച്ച് തടഞ്ഞ് പൊലീസ്. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികള്‍ സംയുക്തമായാണ് മാര്‍ച്ച് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഹരജി ഫയല്‍ ചെയ്തു.
കനത്ത സുരക്ഷാവലയത്തിലാണ് തലസ്ഥാനം. ദല്‍ഹി പൊലീസിനൊപ്പം കേന്ദ്രസേനയേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കൂടിക്കാഴ്ച നടത്തണമെന്ന ഇന്ത്യ മുന്നണിയുടെ ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഞായറാഴ്ച നിരസിച്ചിരുന്നു. ഉന്നയിക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ ഇതിനകം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ചര്‍ച്ചയ്ക്കുള്ള ആവശ്യം നിരസിച്ചതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയ്ക്ക് 600 മീറ്റര്‍ അകലെ വെച്ച് ഭഗ്‌വാന്‍ ദാസ് റോഡിന് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡുകള്‍ മറിച്ചിടുകയും ചെയ്തു.
കോടതിസമയം അവസാനിക്കുന്നതിന് മുന്‍പ് തന്നെ അഭിഭാഷകര്‍ മുഖേന രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹരജി ഫയല്‍ ചെയ്തു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, യോഗേന്ദ്ര യാദവ്, ഡി.കെ ശിവകുമാര്‍, ക്രാന്തികാരി യുവ സംഘടന്‍ പ്രവര്‍ത്തകര്‍, ഐസ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlight: INDIA bloc’s petition against ECI filed; Rahul-led march halted 600 meters away from Supreme Court
