ക്യാപ്റ്റന്‍ വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രി; ലങ്കന്‍ ചരിത്രത്തില്‍ ഇവള്‍ രണ്ടാം സ്ഥാനത്ത്
Cricket
ക്യാപ്റ്റന്‍ വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രി; ലങ്കന്‍ ചരിത്രത്തില്‍ ഇവള്‍ രണ്ടാം സ്ഥാനത്ത്
ശ്രീരാഗ് പാറക്കല്‍
Friday, 31st July 2026, 4:34 pm

പാകിസ്ഥാന്‍ വനിതകള്‍ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്ക. രാഗ്രി ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ലങ്കന്‍ വനിതകള്‍ വിജയിച്ചുകറിയത്.

മത്സരത്തില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ലങ്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ഇമേഷ ദുലാനിയാണ്. 64 പന്തുകളില്‍ നിന്ന് ഒരു സിക്‌സും 17 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. 157.81 എന്ന സ്‌ട്രൈക്ക് റേറ്റ്‌ലാണ് താരം കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. നേരിട്ട 63ാം പന്തിലായിരുന്നു ദുലാനിയുടെ സെഞ്ച്വറി.

അന്താരാഷ്ട്ര വനിതാ ടി-20യില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ഇമേഷ ദുലാനി. ഇതിന് പിന്നാലെ മറ്റൊരു നേട്ടവും ദുലാനിയെ തേടിയെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ശ്രീലങ്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഇമേഷ നേടിയത്. ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു മാത്രമായിരുന്നു നേരത്തെ ലങ്കയ്ക്ക് വേണ്ടി ടി-20യില്‍ സെഞ്ച്വറി നേടിയത്. നാല് സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇപ്പോള്‍ ഈ ലിസ്റ്റിലേക്കാണ് ദുലാനിയും എത്തിയിരിക്കുന്നത്.

മത്സരത്തില്‍ ദുലാനിക്ക് പുറമെ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവാണ്. 22 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ കേശവി ദില്‍ഹാരി 11 റണ്‍സും നേടിയരുന്നു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് രണ്ട് വിക്കറ്റ് നേടിയ നഷ്ര സന്ധുവാണ്. ഹുമ്‌ന ബിലാല്‍, ഉമ്മി ഹനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അതേസമയം ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ഷവാല്‍ സുല്‍ഫിഖറാണ്. 14 പന്തില്‍ ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ മുബീന അലി 24 പന്തില്‍ 42 റണ്‍സും നേടി. ഇമാന്‍ നസീര്‍ 21 റണ്‍സും ടീമിന് സംഭാവന നല്‍കി.

ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാവ്യ കവിന്തി, സുഗന്ധിക കുമാരി, ചാമുണ്ഡി പ്രബോധ എന്നിവര്‍ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ അടുത്ത മത്സരം ഓഗസ്റ്റ് രണ്ടിനാണ്. ദാംബുള്ള സ്‌റ്റേഡിയം തന്നെയാണ് വേദി.

 

Content Highlight: Imesha Dulani Becomes The second player to score a century for Sri Lanka in international T20s

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ