ഇന്ത്യയ്ക്ക് വേണ്ടി 2026ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് സൂപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. 2026ല്‍ ഇന്ത്യയ്ക്ക് വേണ്ടി 50 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാകാനാണ് കിഷന് സാധിച്ചത്. ഏകദിനത്തില്‍ രണ്ട് സിക്‌സറും ടി-20യില്‍ 48 സിക്‌സറും ഉള്‍പ്പെടെയാണ് ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി-20 മത്സരത്തിലാണ് കിഷന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 33 പന്തില്‍ 42 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇഷാൻ കിഷൻ. Photo: BCCI/x.com

അടുത്ത കാലത്തായി ക്രിക്കറ്റിലേക്ക് വമ്പന്‍ തിരിച്ചുവരവാണ് താരം കാഴ്ചവെച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചാണ് കിഷന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനോടുള്ള പര്യടനത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കിഷന്‍ ലോകകപ്പിലും മാസ്മരിക പ്രകടനമാണ് നടത്തിയത്. മാത്രമല്ല ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടമണിയിച്ച് കിഷന്‍ വീണ്ടും തിളങ്ങിയിരുന്നു. ഫൈനലില്‍ സൗത്ത് സോണിനെതിരെ 270 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 32 പന്തില്‍ ഏഴ് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 256.25 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Content Highlight: Ishan Kishan Complete 50 Sixes In 2026 For India In International