2024ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐ.എം.ഡി.ബി (IMDb). ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളെ മറികടന്ന് തൃപ്തി ദിമ്രിയാണ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്.
‘ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്, തീര്‍ച്ചയായും എനിക്ക് വലിയ ബഹുമതിയാണ്. ഈ അംഗീകാരം എന്റെ ആരാധകരുടെ പിന്തുണയുടെയും എനിക്ക് അവസരങ്ങള്‍ നല്‍കിയ ആളുകളുടെ കഠിനാധ്വാനത്തിന്റെയും തെളിവാണ്.
ആവേശകരമായ പ്രൊജക്റ്റുകളില്‍ പ്രവര്‍ത്തിച്ചത് മുതല്‍ 2024ല്‍ ഭൂല്‍ ഭുലയ്യ 3യില്‍ അഭിനയിച്ചത് വരെ നോക്കുകയാണെങ്കില്‍ ഇത് എനിക്ക് അവിസ്മരണീയമായ വര്‍ഷം തന്നെയാണ്. ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായി തുടരുന്നതിനാല്‍ അടുത്തത് എന്തായിരിക്കുമെന്ന് അറിയാനായി ഞാന്‍ കാത്തിരിക്കുകയാണ്,’ തൃപ്തി ദിമ്രി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാലാ വീഡിയോ, ഭൂല്‍ ഭുലയ്യ 3 എന്നിവയാണ് ഈ വര്‍ഷം ഇറങ്ങിയ തൃപ്തി ദിമ്രിയുടെ സിനിമകള്‍. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ വിസിറ്റേഴ്‌സിന്റെ സന്ദര്‍ശകരുടെ യഥാര്‍ത്ഥ പേജ് വ്യൂസിന്റെ അടിസ്ഥാനത്തിലാണ് ഈ ഐ.എം.ഡി.ബി ഈ ലിസ്റ്റ് തയ്യാറാക്കിയത്.
