irfan-habib

ന്യൂദല്‍ഹി: ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട്  രാഷ്ട്രീയപരമായി നിരവധി തര്‍ക്കങ്ങള്‍ അടുത്തിടെയായി ഇന്ത്യയില്‍ നടന്നിരുന്നു.

എന്നാല്‍ ഭാരത് മാത എന്ന ആശയം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും പ്രാചീന, മധ്യകാല ഇന്ത്യയില്‍ അത്തരമൊരു സങ്കല്‍പം നിലനിന്നിരുന്നതിന് തെളിവൊന്നുമില്ലെന്നും  പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കുന്നു.

ഭാരത് മാത എന്നത് ഇന്ത്യയുടെ പുരാതന കാലത്തോ മധ്യകാലത്തോ ഉണ്ടായിരുന്ന ഒരു സംഗതിയല്ല. അത് യൂറോപ്പില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന ഒന്നാണ്.

മാതൃരാജ്യം, പിതൃഭൂമി എന്നീ വിഭാവനങ്ങള്‍ യൂറോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നവയാണെന്നും അദ്ദഹം വ്യക്തമാക്കി. ജെ.എന്‍.യുവില്‍ ചരിത്രകാരനായ ബിപാന്‍ ചന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ളവര്‍ ഭാരത് മാത കീ ജയ് എന്ന് എല്ലാവരും വിളിക്കണമെന്നും അത് ദേശീയതയുടെ ഭാഗമാണെന്നും വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.

ഭാരതം എന്നത് പ്രാചീന ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. ഖരവേല രാജാവിന്റെ പ്രാകൃത് ഭാഷയിലെ ശിലാസനത്തിലാണ് അത് ആദ്യമായി ഉപയോഗിച്ചത്.

രാജ്യത്തെ മാതാവിന്റേയും പിതാവിന്റേയും രൂപത്തില്‍ പ്രതിനിധീകരിക്കുന്നത് പ്രാചീന, മധ്യകാല ഇന്ത്യകളില്‍ ഉണ്ടായിരുന്ന സംഗതിയലല. യൂറോപ്പില്‍ ദേശീയതയ്‌ക്കൊപ്പം ഉയര്‍ന്നു വന്നതാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഉറുദുവിലെ മദര്‍ ഇവതന്‍ എന്നതും യൂറോപ്പില്‍ നിന്നുള്ള ആശയമാണെന്ന് അദ്ദേഹം പറഞ്ഞു.