ഞാന്‍ ശ്രദ്ധിക്കണമായിരുന്നു, ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു: പ്രിയദര്‍ശനി വിവാദപരാമര്‍ശത്തില്‍ സി.പി ജോണ്‍
Kerala
ഞാന്‍ ശ്രദ്ധിക്കണമായിരുന്നു, ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു: പ്രിയദര്‍ശനി വിവാദപരാമര്‍ശത്തില്‍ സി.പി ജോണ്‍
നിഷാന. വി.വി
Wednesday, 5th August 2026, 9:30 am

തിരുവനന്തപുരം: പ്രിയദര്‍ശിനി വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോണ്‍.
ആരെയും അടച്ചാക്ഷേപിക്കാന്‍ വിചാരിച്ചിട്ടില്ലെന്നും താന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും സി.പി ജോണ്‍ പറഞ്ഞു.

‘നമ്മളല്ലേ പ്രിയദര്‍ശിനി തുടങ്ങിയത്, യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഏറ്റവും പ്രസ്റ്റീജ്യസ് പദ്ധതിയാണിത്. അത് നിര്‍ത്താന്‍ പോവുകയാണെന്ന് ചില സി.പി.ഐ.എം നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് കണ്ടു. അങ്ങനെയൊന്നുമില്ല. പ്രിയദര്‍ശിനി പദ്ധതി നമ്മള്‍ തുടരും,’ അദ്ദേഹം പറഞ്ഞു.

എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയദര്‍ശിനിയില്‍ പോകാമെന്നും അതവരുടെ അവകാശമാണെന്നും ഗവണ്‍മെന്റിന്റയോ തന്റെയോ ഔദാര്യമല്ലെന്നും സി.പി ജോണ്‍ പറഞ്ഞു. ഇന്നലെ പറഞ്ഞത് ക്യാഷ്വലായിരുന്നുവെന്നും പറഞ്ഞത് ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘എനിക്കൊരു ഈഗോയുമില്ല. ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.
കേരളത്തില്‍ ദാരിദ്രമുണ്ടെന്നും അത് മറികടക്കാനാണ് സ്ത്രീകള്‍ക്ക് സൗജന്യം പ്രഖ്യാപിച്ചത്,’ അദ്ദേഹം പറഞ്ഞു.

മന്ത്രി എന്ന നിലയില്‍ ഒരുപാട് പ്രിവിലേജ് എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. അതോടൊപ്പം വിമര്‍ശനത്തിന്റെ ഇടവുമുണ്ട്. അത് ഉള്‍ക്കൊണ്ടേ പറ്റുകയുള്ളൂ. അതു പറയാന്‍ പാടില്ലായിരുന്നു. ആര്‍ക്കെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെയൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായി തന്നെ ഖേദം പ്രകടിപ്പിക്കുകയാണ്. ഇതോടെ പ്രശ്നം തീര്‍ന്നല്ലോയെന്നും മന്ത്രി ജോണ്‍ പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. എന്നാല്‍ കേരളത്തില്‍ നല്ല ദാരിദ്ര്യമുണ്ട് എന്നതാണ് താന്‍ പറഞ്ഞ രാഷ്ട്രീയമായ കാര്യമെന്നും മന്ത്രി സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതായി എന്ന് മുമ്പ് ചില പ്രസ്താവനകള്‍ വന്നിട്ടുണ്ടായിരുന്നു. അത് ശരിയല്ല. കേരളത്തില്‍ കടുത്ത ദാരിദ്ര്യം ഉണ്ട്. അതു പരിഹരിക്കേണ്ടതാണ്. അതിനാണല്ലോ തങ്ങളെയെല്ലാം തെരഞ്ഞെടുത്തിരിക്കുന്നത്. ദാരിദ്ര്യം കുറച്ചെങ്കിലും ചുരുക്കാനാണ് പ്രിയദര്‍ശിനി പദ്ധതി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെട്ടിട്ടുള്ളത്.

10,000 രൂപ ശമ്പളം കിട്ടുന്ന സ്ത്രീയ്ക്ക് 2000 രൂപ ഇളവ് കിട്ടുന്നത് വളരെ ആശ്വാസകരമാണ്. പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നില്ല. ഈ പദ്ധതി കെ.എസ്.ആര്‍.ടിസിക്ക് ഒരു ഭാരമല്ലെന്നും മന്ത്രി സി.പി ജോണ്‍ പറഞ്ഞു. വിവാദങ്ങളെല്ലാം ഇതോടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: “I should have been more careful; I express regret for the inconvenience caused”: C.P. John on the ‘Priyadarshini’ controversy.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.