ഞാനല്ലാതെ പിന്നാര് എന്ന ആ ഡയലോഗ് ഇത്ര ഹിറ്റ് ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല: ആദിത് ദേവ്
Malayalam Cinema
ഞാനല്ലാതെ പിന്നാര് എന്ന ആ ഡയലോഗ് ഇത്ര ഹിറ്റ് ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല: ആദിത് ദേവ്
നന്ദന എം.സി
Tuesday, 5th May 2026, 11:39 am

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വൻ വിജയം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ‘വാഴ 2’. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ 200 കോടി ക്ലബ്ബ് കടന്ന് മുന്നേറുകയാണ്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ സുപരിചിതരായ ഹാഷിർ ആൻഡ് ടീം പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം, യുവ താരങ്ങളുടെ പ്രകടനത്തിലൂടെയും ശ്രദ്ധേയമായി.

വാഴ 2, Photo: IMDb

ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അവരുടെ ബാല്യകാല വേഷങ്ങളും വലിയ ശ്രദ്ധ നേടി. പ്രത്യേകിച്ച് അലന്റെ ചെറുപ്പകാലം അവതരിപ്പിച്ച ആദിത് ദേവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ചിത്രത്തിലെ ‘ഞാനല്ലാതെ പിന്നാര്’ എന്ന ആ ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ആ ഡയലോഗിന്റെ വിജയം തനിക്ക് തന്നെ അത്ഭുതമായിരുന്നുവെന്ന് ആദിത് ദേവ് പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

വാഴ 2, Photo:YouTube/ Screengrab

‘ഞാനല്ലാതെ പിന്നാര്’ എന്ന ഡയലോഗ് ഇത്ര വലിയ ഹിറ്റാകും എന്ന് ഒരിക്കലും കരുതിയില്ല. എനിക്ക് ഒരു അനിയനുണ്ട്. സാർ എന്നോട് പറഞ്ഞു, അനിയൻ എന്തെങ്കിലും ചോദിക്കുമ്പോൾ കൊടുക്കുന്ന രീതിയിൽ സ്വാഭാവികമായി ചെയ്യാൻ. അങ്ങനെ തന്നെ ചെയ്തു. സാർ ഒരിക്കലും നിർബന്ധിക്കാറില്ല, നമ്മുക്ക് കംഫർട്ടായ രീതിയിൽ ചെയ്യാൻ പറയും. അങ്ങനെ ചെയ്തതാണ് അത്,’ ആദിത് പറഞ്ഞു.

വാഴ 2, Photo:YouTube/ Screengrab

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സ്കൂളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു. ‘സ്കൂളിൽ എല്ലാവരും സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു. പ്രിൻസിപ്പാൾ വരെ വിളിച്ച് ‘ഞാനല്ലാതെ പിന്നാര്’ എന്ന് ചോദിച്ചു. അതൊരു സർപ്രൈസ് ആയിരുന്നു,’ എന്നും ആദിത് ദേവ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ റീലുകളായി നിറഞ്ഞുനിൽക്കുന്ന ഈ ഡയലോഗ്, ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഘടകങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ഇവർക്കൊപ്പം ബിജുക്കുട്ടൻ, അൽഫോൺസ് പുത്രൻ, വിജയ് ബാബു, അജു വർഗീസ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു

Content Highlight: I never thought that dialogue ‘Who else but me’ would be such a hit: Adit Dev

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.