മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തുകയും എന്നാല്‍ കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തെലുങ്കില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരം ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയായിരുന്നു മലയാള സിനിമയില്‍ നിന്നും എടുത്തത്. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം.

I’m game/ Dulquer salmaan X page

ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്‌ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.

വൈകി റിലീസ് ചെയ്തെങ്കിലും ഹൈദരാബാദിലടക്കം വമ്പന്‍ പ്രൊമോഷന്‍ പരിപാടികള്‍ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. പക്ഷേ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ഐ ആം ഗെയ്മിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ചെന്ന വാര്‍ത്തയാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസ് ചെയ്ത് നാലാഴ്ച്ച പിന്നിടുന്നതിന് മുമ്പ് തന്നെ തിയേറ്റര്‍ വിടുമ്പോള്‍ അമ്പത് കോടിയെന്ന മാര്‍ക്ക് പോലും ചിത്രത്തിന് പിന്നിടാന്‍ കഴിഞ്ഞിട്ടില്ലെന്ന ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഐ ആം ഗെയിം. Photo: X.com

ദുല്‍ഖറിന്റെ ഉടമസ്ഥതിയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന് ആഗോളതലത്തില്‍ ഇതുവരെ നേടാനായത് 47.35 കോടി രൂപയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 18.25 കോടി നേടിയപ്പോള്‍ ദുല്‍ഖറിന്റെ സെക്കന്‍ഡ് ഹോമായ തെലങ്കാന, ആന്ധ്രപ്രദേശ് ബോക്‌സ് ഓഫീസില്‍ നിന്നും നാല് കോടിയും ഐ ആം ഗെയിം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ചിത്രം മൂന്നരക്കോടി നേടിയപ്പോള്‍ കര്‍ണാടകയില്‍ നിന്നും രണ്ട് കോടിയും നോര്‍ത്ത് ഇന്ത്യയില്‍ നിന്നും 80 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്.

ആഗോളതലത്തില്‍ ചിത്രം നേടിയത് 18 കോടിരൂപയാണ്. മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തില്‍ ഒരുക്കിയ ഐ ആം ഗെയിം ഇതോടെ ഡിസാസ്റ്ററായി മാറിയിരിക്കുകയാണെന്ന് ബോക്ല് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നു. കിങ് ഓഫ് കൊത്തയ്ക്ക് ഏറ്റ പരാജയത്തിന് പകരം ബോക്‌സ് ഓഫീസിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദുല്‍ഖറിന് സാധിച്ചിട്ടില്ലെന്നും മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിനായി താരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും സിനിമാ പേജുകള്‍ അഭിപ്രായപ്പെടുന്നു.

Content Highlight: I’m Game box office final collection