ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധം 13ാം ദിവസവും ശക്തമായി മുന്നേറുകയാണ്. ഇതിനിടയില്‍ ബി.ജെ.പിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ബി.ജെ.പിക്കുള്ള റെസിപ്പികള്‍ എന്ന് ഹാഷ്ടാഗിട്ടാണ് കോണ്‍ഗ്രസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘ആലൂ പറാത്ത ഉണ്ടാക്കുന്ന വിധം എങ്ങനെ? ഗോതമ്പ് തരുന്നതിന് ആദ്യം നമുക്ക് കര്‍ഷകര്‍ക്ക് നന്ദി പറയാം,’ എന്ന് തുടങ്ങുന്ന പോസ്റ്റാണ് പാര്‍ട്ടി പങ്കുവെച്ചിരിക്കുന്നത്. ബി.ജെ.പി ഇത് എന്തായാലും ശ്രമിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
ഇടതുപാര്‍ട്ടികള്‍, എന്‍.സി.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, ടിആര്‍എസ് തുടങ്ങി നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഇന്ന് കര്‍ഷക പ്രതിനിധികള്‍ അമിതാഷായുമായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കുക എന്നതിലപ്പുറം ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ ഇന്നത്തെ യോഗത്തില്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്ന് കര്‍ഷക നേതാവ് രുദ്രു സിംഗ് മന്‍സ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
Content Highlight: How to make aloo paratha? congress shares the recipe for BJP to try amid farmers protest
