കാര്‍ഷിക നിയമത്തിന്റെ പഴി തലയിലിടാനുള്ള ബി.ജെ.പിയുടെ കള്ളക്കളി പൊളിച്ചടുക്കി പവാര്‍; പഴയ കത്തില്‍ വിശദീകരണം
farmers protest
കാര്‍ഷിക നിയമത്തിന്റെ പഴി തലയിലിടാനുള്ള ബി.ജെ.പിയുടെ കള്ളക്കളി പൊളിച്ചടുക്കി പവാര്‍; പഴയ കത്തില്‍ വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 6:44 pm

ന്യൂദല്‍ഹി: കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഏറെ മുന്‍പ് തന്നെ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞു.

തന്റെ പേരില്‍ ബി.ജെ.പി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പഴയ കത്തില്‍ വിശദീകരണവുമായി പവാര്‍ തന്നെ രംഗത്തെത്തിയതോടെയാണ് ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞത്.

അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി ആക്ട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിത് , ശിവരാജ് ചൗഹാന്‍ എന്നിവര്‍ക്ക് പണ്ട് കത്തയച്ചിരുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ വാദം.

‘ എ.പി.എം.സിക്ക് ചില പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എ.പി.എം.സി നിയമം തുടരണം, പക്ഷേ പരിഷ്‌കാരങ്ങളോടെ ആയിരിക്കണം. ഞാന്‍ കത്തെഴുതിയതില്‍ സംശയമില്ല. പക്ഷേ അവരുടെ മൂന്ന് നിയമങ്ങളില്‍ എ.പി.എം.സിയെക്കുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല. അവര്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. അതിന് പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ല, ”ശരദ് പവാര്‍ പറഞ്ഞു.

അതേസമയം, ദേശീയ തലത്തില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ സംയുക്ത രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ പുതിയ സൂചനകള്‍ ശരദ് പവാര്‍ നല്‍കിയിരുന്നു.
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമം തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായകമായ നീക്കം.

നാളെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുമെന്ന് പവാര്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളിലെ 5-6 നേതാക്കള്‍ കൂടിയിരുന്നു ആലോചിക്കുമെന്നും കൂട്ടായ നിലപാട് സ്വീകരിക്കുമെന്നും പവാര്‍ പറഞ്ഞു. രാഷ്ട്രപതിയുമായി നാളെ വൈകുന്നേരം 5 മണിക്ക് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും തങ്ങളുടെ കൂട്ടായ നിലപാട് അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Sharad Pawar today put out a clarification as an old letter in which he — as Union Agriculture Minister — had sought reforms in the farm sector was called out by the ruling BJP.