ജെയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പുതിയ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലായിടത്തും ഒച്ചപ്പാടാണെന്നും രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നും -Gali gali me shor hai, Hindustan ka chowkidar chor hai- രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിക്കെതിരായ രാഹുലിന്റെ വിമര്‍ശനം.

കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന ചൗക്കീദാര്‍ എന്ന വാക്കുപയോഗിച്ചാണ് മോദി പലപ്പോഴും സ്വയം വിശേഷിപ്പിക്കാറുള്ളത്.

ജീവിതത്തില്‍ ഒരു വിമാനം പോലും ഉണ്ടാക്കി പരിചയമില്ലാത്ത അംബാനിക്കാണ് മോദി റാഫേല്‍ കരാര്‍ നല്‍കിയത്. കരാര്‍ അംബാനിക്ക് കൊടുക്കുന്നതിന് മുമ്പ് പ്രതിരോധമന്ത്രിയോട് പോലും മോദി ചോദിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീകളില്ലാതെ ഇന്ത്യയില്‍ ഒന്നും നടക്കാന്‍ പോവുന്നില്ലെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ത്രീപ്രാതിനിധ്യം വേണമെന്നും രാഹുല്‍ പറഞ്ഞു.

ചൊവ്വാഴ്ച രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ രാഹുല്‍ഗാന്ധിയെ ആക്രമിച്ചിരുന്നു. റാബി, ഖാരിഫ് വിളകള്‍ എന്താണെന്ന് പോലും രാഹുലിന് അറിയില്ലെന്നും പ്രതിപക്ഷത്തിന് കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.