2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി ചുമതല ഏറ്റിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഈ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷ ഭോഗ്ലെ. സീനിയര്‍ റെഡ്-ബോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യവംശിയെ നിയമിച്ചതിതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റെഡ്-ബോള്‍ ക്രിക്കറ്റില്‍ പഠിക്കാനും വളരാനുമുള്ള കാലഘട്ടമാണിതെന്ന് ഭോഗ്ലെ ചൂണ്ടിക്കാട്ടി.
‘സീനിയര്‍ റെഡ്-ബോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യവംശിയെ നിയമിച്ചതിനെക്കുറിച്ച് ആലോചിച്ചതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. റെഡ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഇതുവരെ 12 ഇന്നിങ്സുകളില്‍ നിന്ന് 207 റണ്‍സ് മാത്രമാണ് നേടിയത്. ശരാശരി 17.25ഉം. അദ്ദേഹത്തിന്റെ പ്രതിഭ അസാധാരണമാണ്, എന്നാല്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ പഠിക്കാനും വളരാനും ഒരു ഘട്ടമുണ്ട്. ആ പഠനയാത്രയുടെ തുടക്കത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്,’ ഹര്‍ഷ ഭോഗ്ലെ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ നിന്ന് 207 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. 17.25 ആവറേജില്‍ റണ്‍സ് സ്‌കേര്‍ ചെയ്ത വൈഭവ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയസമ്പന്നത നേടേണ്ട ഘട്ടത്തിലാണ് 15കാരനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ഈസ്റ്റ് സോണിന്റെ ഓപ്പണറായിട്ടാകും വൈഭവ് കളത്തിലിറങ്ങുന്നതെന്നാണ് പ്രതീക്ഷ.
അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. പരമ്പരയിലെ താരവും വൈഭവ് തന്നെയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവ് നേടിയത്.
അതേസമയം ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണിന്റെ ടീമില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഇടം നേടിയിട്ടുണ്ട്. 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി പിന്നീട് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂര്‍ണമെന്റിലൂടെ മിന്നും പ്രകടനം നടത്തി വീണ്ടും ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ഷമിയുടെ ലക്ഷ്യം.