2025-26 സീസണിലെ മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്ൻ. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനും വേണ്ടിയും നടത്തിയ അമ്പരപ്പിക്കുന്ന ഗോൾ വേട്ടയാണ് കെയ്നിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ ഏർലിങ് ഹാലണ്ടിനെയും റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെയും മറികടന്നുകൊണ്ടാണ് കെയ്ൻ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. രണ്ടാം തവണയാണ് കെയ്ൻ യൂറോപ്പിൽ മികച്ച ഗോൾ വേട്ടക്കാരനായി മാറുന്നത്.
ആദ്യമായി ഈ പുരസ്കാരം ഏറ്റുവാങ്ങിയത് 2023-24 സീസണിലായിരുന്നു. ഇതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രണ്ടിലധികം ഗോൾഡൻ ബൂട്ട് നേടുന്ന താരങ്ങളുടെ പട്ടികയിലും കെയ്ൻ തന്റെ പേരെഴുതി ചേർത്തു. രണ്ട് ഗോൾഡൻ ബൂട്ടുകളുമായി ഇതിഹാസതാരങ്ങൾക്കൊപ്പം നിലവിൽ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് നായകൻ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 2+ ഗോൾഡൻ ബൂട്ടുകൾ സ്വന്തമാക്കിയ താരം, രാജ്യം, ഗോൾഡൻ ബൂട്ടുകളുടെ എണ്ണം
ലയണൽ മെസി-അർജന്റീന-6
ക്രിസ്റ്റ്യാനോ റൊണാൾഡോ- പോർച്ചുഗൽ-4
തിയറി ഹെൻറി-ഫ്രാൻസ്-2
ഡിഗോ ഫോർലാൻ-ഉറുഗ്വേ -2
ലൂയി സുവാരസ്-ഉറുഗ്വേ -2
റോബർട്ട് ലെവൻഡോസ്കി-പോളണ്ട്-2
ഹാരി കെയ്ൻ-ഇംഗ്ലണ്ട്-2
കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ൻ സ്വന്തമാക്കിയത്. ബുണ്ടസ്ലീഗ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജർമൻ വമ്പന്മാരൊപ്പം കെയ്ൻ സ്വന്തമാക്കിയത്.
ബവേറിയൻസിന്റെ മുന്നേറ്റനിരയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു കെയ്ൻ നടത്തിയിരുന്നത്. 61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേൺ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്. ഇതിൽ 36 ഗോളുകളും താരം ബുണ്ടസ്ലീഗയിലാണ് നേടിയത്.
2026 ഫിഫ ലോകകപ്പിലും ഇംഗ്ലണ്ടിനൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ലോകകപ്പിൽ ഇംഗ്ലണ്ടിനൊപ്പം സെമി ഫൈനൽ വരെ മുന്നേറാൻ കെയ്‌നിന് സാധിച്ചിരുന്നു. സെമിയിൽ അർജന്റീനക്ക് മുന്നിൽ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.
കിരീടം നഷ്ടമായെങ്കിലും ലോകകപ്പിലെ കെയ്നിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോൾ നേട്ടം 14 ആക്കി ഉയർത്താനും കെയ്‌നിന് സാധിച്ചിരുന്നു.10 ഗോളുകൾ നേടിയ മുൻ താരം ഗാരി ലിനേക്കറെ മറികടന്നാണ് ഇംഗ്ലണ്ട് നായകൻ കുതിച്ചത്.
യൂറോപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതിന് പിന്നാലെ 2026ലെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കാനുള്ള താരങ്ങളുടെ മുൻനിരയിൽ കെയ്ൻ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ബാലൺ ഡി ഓർ വിജയിയെ ഒക്ടോബർ 30നാണ് തെരഞ്ഞെടുക്കുക. ഇത്തവണ ബാലൺ ഡി ഓറിന് പുതിയ അവകാശിയുണ്ടാവുമോയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Harry Kane joins list of players to win 2+ Golden Boots in 21st century