മുംബൈയ്ക്ക് ആറാം കിരീടം നേടാം, അതിന് അവന്‍ തിളങ്ങണം: ഹര്‍ഭജന്‍ സിങ്
Cricket
മുംബൈയ്ക്ക് ആറാം കിരീടം നേടാം, അതിന് അവന്‍ തിളങ്ങണം: ഹര്‍ഭജന്‍ സിങ്
ഫസീഹ പി.സി.
Tuesday, 17th March 2026, 8:10 am

ഐ.പി.എല്‍ 2026ല്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന് ആറാം കിരീടം നേടാന്‍ സാധിക്കുമെന്ന് മുന്‍ മുംബൈ താരവും ഇന്ത്യന്‍ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. ഹര്‍ദിക് തന്റെ യഥാര്‍ത്ഥ ഫോം വീണ്ടെടുക്കണമെന്നും അത് മുംബൈയില്‍ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍ ഫോമിലായാല്‍ മറ്റ് താരങ്ങളും അത് പിന്തുടരുമെന്നും അങ്ങനെ സംഭവിച്ചാല്‍ മുംബൈയ്ക്ക് ഈ സീസണ്‍ അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

ഹര്‍ഭജന്‍ സിങ്. Photo: Circle of Cricket

‘ഹര്‍ദിക് തന്റെ യഥാര്‍ത്ഥ പതിപ്പ് പുറത്തെടുക്കേണ്ടതുണ്ട്. ബൗളറായും ബാറ്ററായും അവന് മികവ് കാട്ടാനായാല്‍ വലിയ മാറ്റമുണ്ടാകും. ടി – 20 ലോകകപ്പില്‍ അവന്‍ അതിമനോഹരമായി ബൗള്‍ ചെയ്യുന്നത് കണ്ടു. അതാണ് ഐ.പി.എല്ലില്‍ മുംബൈയ്ക്ക് വേണ്ടത്.

ക്യാപ്റ്റന്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ മറ്റ് താരങ്ങളും അത് പിന്തുടരും. ആറാം കിരീടം സ്വന്തമാക്കാന്‍ കഴിയുമെന്ന് ടീം ഒന്നടങ്കം വിശ്വസിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് ഈ സീസണ്‍ അനുകൂലമായേക്കാം,’ ഹര്‍ഭജന്‍ പറഞ്ഞു.

ഹർദിക് പാണ്ഡ്യ. Photo: Mumbai Indians/x.com

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് മുംബൈ. ടൂര്‍ണമെന്റില്‍ ടീം അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2013, 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളിലായിരുന്നു ടീമിന്റെ കിരീടനേട്ടം. എന്നാല്‍ 2020ന് ശേഷം ഇതുവരെ ടീമിന് ഫൈനലില്‍ എത്താനോ കിരീടം നേടാനോ സാധിച്ചിട്ടില്ല.

അതേസമയം, മാര്‍ച്ച് 28ന് തുടങ്ങുന്ന ഐ.പി.എല്‍ 2026ല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസം തന്നെ മുംബൈ കളത്തിലെത്തുന്നുണ്ട്. മൂന്ന് വട്ടം ചാമ്പ്യന്മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ടീമിന്റെ ആദ്യ എതിരാളികള്‍. മാര്‍ച്ച് 29ന് നടക്കുന്ന മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയം വേദിയാകും.

Content Highlight: Harbhajan Singh said Mumbai Indians can lift 6th IPL trophy if Hardik Pandya performs

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി