ന്യൂദല്‍ഹി: രാജ്യത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം കേന്ദ്രസര്‍ക്കാരിലേക്ക് നിക്ഷേപമായി സ്വീകരിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രമടക്കം രാജ്യത്തെ പുരാതനമായ ക്ഷേത്രങ്ങളില്‍ കെട്ടിക്കിടക്കുന്ന അനേക കോടിരൂപ വിലവരുന്ന സ്വര്‍ണ്ണ ശേഖരമാണ് കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നത്.
ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും പരമ്പരാഗത നിധിശേഖരങ്ങളും സര്‍ക്കാരിലേക്ക് നിക്ഷേപമായി നല്‍കി പലിശനല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ സമാഹരിക്കുന്ന സ്വര്‍ണ്ണം ഉരുക്കി വ്യാപാരികള്‍ക്ക് വായ്പയായി നല്‍കും. ഇതുവഴി സ്വര്‍ണം ഇറക്കുമതി കുറയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി അടുത്ത മാസം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രമായി 1.25 ലക്ഷം കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണ ശേഖരമാണുള്ളത്. മുംബൈ സിദ്ധിവിനായക ക്ഷേത്രത്തില്‍ 67 മില്യണ്‍ ഡോളര്‍ വിലവരുന്ന 158 കിലോഗ്രാം സ്വര്‍ണ്ണവുമാണ് ഉള്ളത്. ക്ഷേത്ര സവ്ത്തുക്കള്‍ വികസനത്തിനായി ഉപയോഗിക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നുവെങ്കിലും ബി.ജെ.പി തന്നെ ഇത്തരം ഒരു നിലപാടിലേക്ക് നീങ്ങുന്നത് ശ്രദ്ധേയമാണ്. അതേസമയം സര്‍ക്കാരിന്റെ ഈ നടപടിയോട് പ്രതികരിച്ച് ഇതുവരെ ഒരു ഹിന്ദു സംഘടനയും രംഗത്ത് വന്നിട്ടില്ല.
