'നാണക്കേടിനെ അറബിക്കടലില്‍ തള്ളി പുതുപാതയൊരുങ്ങും, പാലാരിവട്ടം പാലത്തിന്റെ അവശിഷ്ടങ്ങള്‍ കടലാക്രമണം തടയാന്‍'; ജി. സുധാകരന്‍
Kerala News
'നാണക്കേടിനെ അറബിക്കടലില്‍ തള്ളി പുതുപാതയൊരുങ്ങും, പാലാരിവട്ടം പാലത്തിന്റെ അവശിഷ്ടങ്ങള്‍ കടലാക്രമണം തടയാന്‍'; ജി. സുധാകരന്‍
ന്യൂസ് ഡെസ്‌ക്
Sunday, 27th September 2020, 9:51 pm

തിരുവനന്തപുരം: നാളെ മുതല്‍ പൊളിച്ചു തുടങ്ങുന്ന പാലാരിവട്ടം പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കടലാക്രമണം തടയുന്നതിന് ഉപയോഗിക്കാന്‍ നിര്‍ദേശം. ഇ.ശ്രീധരന്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് മന്ത്രി ജി. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാണക്കേടിനെ അറബിക്കടലില്‍ത്തള്ളി അഭിമാനത്തിന്റെ പുതു പാതയൊരുങ്ങുന്നുവെന്നും എത്രയും വേഗം ഈ അഭിമാനപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും ജി.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് ഇ. ശ്രീധരന്റെ മോല്‍നോട്ടത്തിലാണ് തിങ്കളാഴ്ച പാലാരിവട്ടം പാലം പൊളിക്കുന്നത്.

ജി. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് ശ്രീ ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡി.എം.ആര്‍.സി നാളെ (28092020) രാവിലെ 9 മണിമുതല്‍ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങും.

പകലും രാത്രിയുമായി പൊളിക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കഴിയുമെങ്കില്‍ വാഹനങ്ങളില്‍ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീ ഇ. ശ്രീധരന്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഈ കാര്യം അദ്ദേഹം സഹായം തേടിയിട്ടുള്ള ഊരാളുങ്കള്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ശ്രീ രമേശനെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.

ഇത് മൂലം രണ്ടാണ് ഗുണം. കടലാക്രമണം ദുരിതം വിതച്ചു കൊണ്ടിരുന്ന ചെല്ലാനത്ത് കൂറ്റന്‍ തിരകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും റോഡില്‍ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും സാധിക്കും എന്നുള്ളതാണ്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തുന്ന പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം കേരളത്തിന്റെ നിര്‍മ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതിച്ചേര്‍ക്കപ്പെടുമെന്നുറപ്പാണ്.

വിലപ്പെട്ട സമയം നമുക്ക് നഷ്ടപ്പെട്ടു. നഗരവാസികളും ദേശീയ പാത ഉപയോക്താക്കളും ഏറെ വലഞ്ഞു. കഴിഞ്ഞ 9 മാസക്കാലം പ്രവൃത്തി തടസ്സപ്പെട്ടു കിടന്നു.ബഹു. ഹൈക്കോടതി പാലം പുനര്‍ നിര്‍മ്മാണം അസ്ഥിരപ്പെടുത്തിയില്ലായിരുങ്കില്‍ ഇപ്പോള്‍ പണി പൂര്‍ത്തിയാക്കി സുഗമമായ യാത്രാ സൗകര്യം സജ്ജമാക്കാന്‍ കഴിയുമായിരുന്നു.

പുനര്‍നിര്‍മ്മാണം തടസ്സപ്പെടുത്തിയവര്‍ ചെയ്ത തെറ്റ് എത്രമാത്രം വലുതാണ് എന്നത് നാടും നാട്ടാരും മാധ്യമങ്ങളും തിരിച്ചറിയുന്നുണ്ട്.
ഉത്തരവാദികളെപ്പറ്റി ആകുലപ്പെടുന്നവരുണ്ട്. കൃത്യമായ വിജിലന്‍സ് അന്വേഷണം നടന്നു വരുന്നുണ്ട്. ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചു കൊള്ളും.

തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ ശ്രമിച്ചു.ഒട്ടൊക്കെ വിജയിച്ചു. എന്നാല്‍ ബഹു.പരമോന്നത കോടതി വിധിയോടെ തമസ്സും തടസ്സങ്ങളുമകന്നു. ഇപ്പോള്‍ മറ്റൊന്നും തന്നെ ഞങ്ങളെ അലട്ടുന്നില്ല.  ഏക ലക്ഷ്യത്തോടെ മുന്നേറുകയാണ്. ഭൂതകാല ഭാണ്ഡങ്ങളഴിച്ച് പഴി പറഞ്ഞിരിക്കാന്‍ ഞങ്ങളില്ല.

ചടുലവും സത്വരവുമായ വര്‍ത്തമാന കാല പ്രവൃത്തികളിലൂടെ ഭാവിയിലേയ്ക്കുള്ള ഉയരപ്പാതയാണ് ലക്ഷ്യം. നാണക്കേടിനെ അറബിക്കടലില്‍ത്തള്ളി അഭിമാനത്തിന്റെ പുതു പാതയൊരുങ്ങുന്നു. എത്രയും വേഗം ഈ അഭിമാനപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും സഹകരണവും എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: G Sudhakaran fb post on palarivattom bridge reconstruction