ഒരു കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കുന്നത് മികച്ച പ്രകടനം കൊണ്ടു മാത്രമല്ല, ആ കഥാപാത്രത്തിന്റെ ഓരോ ഭാവവും രൂപവും പ്രേക്ഷകരുമായി സംവദിക്കുമ്പോള്‍ കൂടിയാണ്.
അത്തരത്തില്‍ സ്‌ക്രീനിലെത്തുന്ന കഥാപാത്രത്തിന്റെ ലുക്കും പ്രകടനവും ഒരുപോലെ ശ്രദ്ധ നേടുന്ന അപൂര്‍വം സന്ദര്‍ഭങ്ങളുണ്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റി’ല്‍ ആഷ്‌ലിയായി എത്തിയ മമിത ബൈജുവിന്റെ കാര്യത്തിലും സംഭവിക്കുന്നത് അതുതന്നെയാണ്.
ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങള്‍ നേടുമ്പോള്‍ മമിതയുടെ പ്രകടനത്തിനൊപ്പം ആഷ്‌ലിയുടെ ലുക്കും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
മലയാള സിനിമയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് മമിത ബൈജു. ഓരോ സിനിമയിലും കഥാപാത്രത്തിനനുസരിച്ച് അഭിനയത്തിലും ഭാവപ്രകടനങ്ങളിലും കൊണ്ടുവരുന്ന മാറ്റങ്ങള്‍ മമിതയുടെ പ്രത്യേകതയാണ്.
എന്നാല്‍ ആഷ്‌ലിയായി സ്‌ക്രീനിലെത്തുമ്പോള്‍ മമിതയുടെ മറ്റൊരു ഭാവമാണ് പ്രേക്ഷകര്‍ കണ്ടത്. വലിയ മേക്കപ്പിന്റെയോ അമിതമായ സ്‌റ്റൈലിങ്ങിന്റെയോ അകമ്പടിയില്ലാതെ, വളരെ സ്വാഭാവികമായ അവതരണത്തിലൂടെ ആഷ്‌ലിയെ പ്രേക്ഷകരുടെ മനസിലേക്ക് അടുപ്പിക്കാന്‍ മമിതയ്ക്ക് സാധിക്കുന്നുണ്ട്.

അമിതമായ ഒരുക്കങ്ങളില്ലാതെ ലളിതമായി അവതരിപ്പിക്കപ്പെടുന്ന ഒരു കഥാപാത്രം, അതിന്റെ സ്വാഭാവികത കൈവിടാതെ തന്നെ സ്‌ക്രീനില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് എങ്ങനെയെന്ന് ആഷ്‌ലിയിലൂടെ കാണാം. സിനിമയിലുടനീളം നാട്ടിന്‍പുറത്തുകാരിയായ സാധാരണക്കാരിയായ ആഷ്‌ലിയെയാണ് കാണിക്കുന്നത്.
എന്നാല്‍ സിനിമയുടെ ക്ലൈമാക്സില്‍ അയര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തുന്ന ആഷ്‌ലിയെ കാണുമ്പോഴാണ് ഈ മാറ്റം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത്.
അതുവരെ പ്രേക്ഷകര്‍ കണ്ടിരുന്ന, അധികം ഒരുങ്ങാതെ നടക്കുന്ന, തനി നാടന്‍ പെണ്‍കുട്ടിയായ ആഷ്‌ലി തന്നെയാണോ ഇതെന്ന് ഒരു നിമിഷം സംശയിച്ചുപോകും. അത്രത്തോളം വ്യത്യസ്തമായൊരു ലുക്കിലാണ് ആഷ്‌ലിയെ പ്രേക്ഷകര്‍ കാണുന്നത്. ഒരേസമയം സിംപിളും എലഗന്‍സും ഒത്തുചേരുന്ന ആ ലുക്ക് മമിതയുടെ സ്‌ക്രീന്‍ പ്രസന്‍സിന് പുതിയൊരു തലം നല്‍കുന്നുണ്ട്.

കാഴ്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല ആഷ്‌ലിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം. കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും മുഖത്തെ ചെറുഭാവങ്ങളും ശരീരഭാഷയുമെല്ലാം മമിതയുടെ അനായാസമായ പ്രകടനത്തോട് ചേരുമ്പോള്‍ ആഷ്‌ലി കൂടുതല്‍ ജീവസ്സുറ്റതായി മാറുന്നു.
മമിതയുടെ ലുക്കും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള ഈ പൊരുത്തമാണ് ആഷ്‌ലിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളില്‍ ആഷ്‌ലിയുടെ ഈ വേറിട്ട ഭാവം കൂടുതല്‍ പ്രകടമാകുന്നുണ്ട്. ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിനും അഭിനേതാക്കള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങള്‍ക്കൊപ്പം മമിതയുടെ ആഷ്‌ലിയും ചര്‍ച്ചയാകുന്നതും അതുകൊണ്ടുതന്നെയാണ്.
ലുക്കുകൊണ്ടും പെര്‍ഫോമന്‍സുകൊണ്ടും സ്‌കോര്‍ ചെയ്യുന്ന ആഷ്‌ലി മമിത ബൈജുവിന്റെ മറ്റൊരു മനോഹരമായ സ്‌ക്രീന്‍ മൊമന്റാണ്.
Content Highlight: From a simple, girl-next-door Ashley to an elegant Ashley BKU Climax Scene
