മുംബൈ: ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ വന്‍പ്രചാരം നേടിയ “മാണിക്യ മലരായ” എന്ന ഗാനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് നടി പ്രിയ പ്രകാശിനും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ വീണ്ടും പൊലീസിന് പരാതി ലഭിച്ചു. ഇതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ജന്‍ജാഗരന്‍ സമിതി എന്ന സംഘടനയാണ് പരാതി നല്‍കിയത്. സംവിധായകനും നടിയ്ക്കുമൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെയും പരാതിയുണ്ട്. പരാതിയില്‍ ഒമര്‍ ലുലുവിനെതിരെയാണ് കേസെടുത്തത്.

വരികളില്‍ മാറ്റം വരുത്തുകയോ ഗാനം ചിത്രത്തില്‍ നിന്നും നീക്കം ചെയ്യുകയോ വേണമെന്നാണ് പരാതിയിലെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‌ലാം മതത്തെ അവഹേളിക്കുന്നതാണെന്ന് ജന്‍ജാഗരന്‍ പ്രസിഡന്റ് മൊഹ്‌സിന്‍ അഹമ്മദ് ആരോപിച്ചു.

നേരത്തേ ഹൈദരാബാദില്‍ ഗാനത്തിനെതിരെ പരാതി നല്‍കപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഗാനം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ജനപിന്തുണ കണക്കിലെടുത്ത് ഇവര്‍ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.