സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്‍
പട്‌ന: രാജീവ് റോഷന്‍ വധക്കേസില്‍ ജയിലിലായിരുന്ന ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ പുറത്തിറങ്ങി. പട്‌ന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പുറത്തിറങ്ങിയത്്.
11 വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. 2005 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം.
ഗൂഢാലോചനക്കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ മേല്‍ക്കോടതില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്‍.
2014 ജൂണിലാണ് അദ്ദേഹം വെടിയേറ്റ് മരിക്കുന്നത്. ഷഹാബുദ്ദീന്‍ ജയിലില്‍ കഴിയുന്ന കാലത്തായിരുന്നു സംഭവം. എന്നാല്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് ഷഹാബുദ്ദീനാണെന്ന് പിന്നീട് കണ്ടെത്തി.
കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഷഹാബുദ്ദീന്‍. പല കേസുകളിലും വിചാരണ തുടരുകയാണ്.
അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും വന്‍ ഗുഢാലോചനയുടെ ഫലമായാണ് ജയില്‍ പോകേണ്ടി വന്നതെന്നും ഷഹാബുദ്ദീന്‍ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഷഹാബുദ്ദീന്‍ പരിഹസിച്ചു.
