കൊവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശി മരിച്ചു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേര്‍
Covid Death
കൊവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശി മരിച്ചു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേര്‍
ന്യൂസ് ഡെസ്‌ക്
Sunday, 26th July 2020, 12:10 pm

 

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലില്‍ ഔസേഫ് ജോര്‍ജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് 83 വയസ്സായിരുന്നു.

മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയത്ത് ഉള്‍പ്പെടെ ഇന്ന് നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ എന്നിവിടങ്ങളിലും കൊവിഡ് രോഗികള്‍ മരിച്ചിരുന്നു.

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദറിന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18-ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ജൂലൈ 19ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇദ്ദേഹം ചികിത്സിയലായിരുന്നു.

കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ മരിച്ചത്. ഇദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തൃശൂര്‍ ഇരിങ്ങാലക്കുടയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് ഇന്ന് രാവിലെയാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ