ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് പ്രതിസന്ധികളില്‍ മുന്നേറുന്നില്ല; വിമര്‍ശനവുമായി സദഗോപന്‍ രമേശ്
Cricket
ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് പ്രതിസന്ധികളില്‍ മുന്നേറുന്നില്ല; വിമര്‍ശനവുമായി സദഗോപന്‍ രമേശ്
ശ്രീരാഗ് പാറക്കല്‍
Tuesday, 5th May 2026, 12:22 pm

ഐ.പി.എല്ലില്‍ ലഖ്‌നൗവിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയുടെ ക്യാപ്റ്റനായി കളത്തിലെത്തിയത്. പാണ്ഡ്യ കളിക്കാരനായി പോലും ഗ്രൗണ്ടില്‍ എത്തിയില്ലായിരുന്നു.

ഇതോടെ പാണ്ഡ്യയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. നിങ്ങള്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ പിന്നിലാണെങ്കില്‍ കളിക്കാര്‍ ഒരിക്കലും നിങ്ങള്‍ക്കായി എല്ലാം നല്‍കില്ലെന്നും പ്രതിസന്ധികളില്‍ മുന്നേറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായക ഓവറുകള്‍ എറിഞ്ഞ് രോഹിതിന് കീഴില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന താരമാണ് പാണ്ഡ്യയെന്നും എന്നാല്‍ മുംബൈയ്ക്ക് വേണ്ടി ഹര്‍ഹിദിക്കിന് മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മറ്റുള്ളവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവന്‍ പുറകില്‍ നില്‍ക്കാനുമാണോ ആഗ്രഹിക്കുന്നത്. ഒരു ക്യാപ്റ്റന്‍ യഥാര്‍ത്ഥത്തില്‍ അവരെ മുന്നില്‍ നിന്ന് നയിക്കുകയാണോ അതോ പിന്നില്‍ ഒളിച്ചിരിക്കുകയാണോ എന്ന് അവര്‍ക്ക് മനസിലാകും. നിങ്ങള്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ പിന്നിലാണെങ്കില്‍, കളിക്കാര്‍ ഒരിക്കലും നിങ്ങള്‍ക്കായി എല്ലാം നല്‍കില്ല.ഹര്‍ദിക് പാണ്ഡ്യ

ഒരു കളിക്കാരന്‍ എന്ന നിലയില്‍ പരാജയപ്പെടാം, പക്ഷേ ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് പ്രതിസന്ധികളില്‍ മുന്നേറുന്നില്ല. പകരം, തെറ്റ് തിരുത്താന്‍ വ്യത്യസ്ത ആളുകളെ അയയ്ക്കുന്നു. നിങ്ങള്‍ 160 റണ്‍സ് മാത്രമേ പ്രതിരോധിക്കുന്നുള്ളൂ എന്നിരിക്കെ, എതിരാളി 85 റണ്‍സ് നേടിയതിന് ശേഷം നിങ്ങള്‍ ബൗളിങ്ങിലേക്ക് വരുന്നു.

നിര്‍ണായക ഓവറുകള്‍ എറിഞ്ഞ് രോഹിതിന് കീഴില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന താരമാണ് പാണ്ഡ്യ. പ്രതിസന്ധികളില്‍ രോഹിത് ഹാര്‍ദിക്കിനെ മനോഹരമായി ഉപയോഗിച്ചു. ഹാര്‍ദിക് തന്നെ ജി.ടിക്ക് വേണ്ടി അത് ചെയ്തിരുന്നു, പക്ഷേ മുംബൈയ്ക്ക് വേണ്ടി അദ്ദേഹത്തിന് അത് ചെയ്യാന്‍ സാധിക്കുന്നില്ല,’ സദഗോപന്‍ രമേശ് പറഞ്ഞു.

ലഖ്‌നൗവിനോടുള്ള മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ വിജയം നേടിയത്. മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് മുംബൈ എട്ട് പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കുന്നത്. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ടീമിനുള്ളത്.

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് മുംബൈയ്ക്കുള്ളത്. മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് 146 റണ്‍സാണ് താരത്തിന് ഇതുവരെ നേടാനായത്. മാത്രമല്ല നാല് വിക്കറ്റുകളാണ് താരത്തിനുള്ളത്.

Content Highlight: Former Indian Cricketer Sadagoppan Ramesh Criticize Hardik Pandya

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ