രജതും ഹർദിക്കുമല്ല, ഇത്തവണത്തെ മികച്ച ക്യാപ്റ്റനവൻ: അഭിനവ് മുകുന്ദ്
Cricket
രജതും ഹർദിക്കുമല്ല, ഇത്തവണത്തെ മികച്ച ക്യാപ്റ്റനവൻ: അഭിനവ് മുകുന്ദ്
ഫസീഹ പി.സി.
Thursday, 26th March 2026, 9:59 am

ഐ.പി.എൽ ആവേശം ഉയരാൻ ഇനി രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. മാർച്ച് 28നാണ് 2026ലെ സീസൺ ആരംഭിക്കുന്നത്. ഡിഫൻഡിങ് ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർ. സി. ബി) സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് 19ാം സീസണിന് തിരശീലയുയരുക.

ഇപ്പോൾ ടൂർണമെന്റിന് മുന്നോടിയായി ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റനാവുമെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ശ്രേയസ് തന്ത്രപരമായി മികച്ചവനും തീരുമാനങ്ങളിൽ വ്യക്തതയുള്ള നായകനുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ. എസ്. പി. എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു അഭിനവ് മുകുന്ദ്.

അഭിനവ് മുകുന്ദ്.

‘ഈ വർഷത്തെ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി ഞാൻ തെരഞ്ഞെടുക്കുന്നത് ശ്രേയസ് അയ്യരെയാണ്. ക്യാപ്റ്റൻ എന്ന നിലയിൽ തന്ത്രങ്ങളും തീരുമാനങ്ങളിൽ വ്യക്തതയും എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.

ക്യാപ്റ്റൻസിക്കൊപ്പം തന്നെ അവൻ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് നടത്തുന്നത്. വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായകനും ശ്രേയസ് തന്നെയാണ്,’ അഭിനവ് മുകുന്ദ് പറഞ്ഞു.

ഐ.പി.എല്ലിൽ പഞ്ചാബിനെയടക്കം മൂന്ന് ടീമുകളുടെ ശ്രേയസ് നയിച്ചിട്ടുണ്ട്. ദൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് താരം ക്യാപ്റ്റനായ മറ്റ് രണ്ട് ടീമുകൾ. ദൽഹിയെ ആദ്യമായി ഐ.പി.എൽ ഫൈനലിൽ എത്തിച്ചും കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ചും താരം തന്റെ ക്യാപ്റ്റൻസി കരിയർ അവിസ്മരണീയമാക്കി.

ശ്രേയസ് അയ്യർ. Photo: Crictracker

കെ. കെ. ആറിനെ കിരീടമണിയിച്ച തൊട്ടടുത്ത സീസണിലാണ് ശ്രേയസ് പഞ്ചാബിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ടീമിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ താരം പഞ്ചാബിനെ ഫൈനലിൽ എത്തിച്ചിരുന്നു. 2025ൽ പഞ്ചാബ് ഫൈനലിൽ പ്രവേശിച്ചത് 11 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്.

ഈ ഫൈനൽ പ്രവേശനത്തോടെ ശ്രേയസ് മൂന്ന് ടീമുകളെ ഐ. പി. എൽ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഇതോടെ ശ്രേയസിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. പലരും താരത്തിന്റെ ക്യാപ്റ്റൻസി മികവിനെ അഭിന്ദിക്കുകയും ചെയ്തു.

Content Highlight: Former Indian Cricketer Abhinav Mukund says PBKS’s Shreyas Iyer would be best captain of IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി