തെറ്റായ ആളുകളെ തെരഞ്ഞെടുത്താല്‍ ഇതിലപ്പുറം സംഭവിക്കും; ഓസ്‌ട്രേലിയക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍
Sports News
തെറ്റായ ആളുകളെ തെരഞ്ഞെടുത്താല്‍ ഇതിലപ്പുറം സംഭവിക്കും; ഓസ്‌ട്രേലിയക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍
ആദർശ് എം.കെ.
Tuesday, 18th August 2026, 10:16 pm

ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ ഇയാന്‍ ചാപ്പല്‍.

മോശം ടീം സെലക്ഷനാണ് ഓസ്‌ട്രേലിയയുടെ ഈ നാണംകെട്ട തോല്‍വിക്ക് വഴിവെച്ചതെന്ന് ചാപ്പല്‍ വ്യക്തമാക്കി.

ഇയാന്‍ ചാപ്പല്‍

‘ആദ്യമേ തന്നെ നിങ്ങള്‍ തെറ്റായ ആളുകളെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും കുഴപ്പത്തില്‍ ചെന്നുചാടും. തങ്ങളുടെ സെലക്ഷനുകളിലൂടെ അവര്‍ക്ക് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെന്നാണ് തെളിയിച്ചിരിക്കുന്നത്.

എന്റെ കാഴ്ചപ്പാടില്‍, സെലക്ടര്‍മാര്‍ തന്നെയാണ് സ്വയം ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചത്. ഇനി ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി അവര്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അതിനുള്ള ശേഷി അവര്‍ക്കുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ ചാപ്പല്‍ പറഞ്ഞു.

ടീമിലെ ഓള്‍റൗണ്ടറായ ബ്യൂ വെബ്സ്റ്ററെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യിക്കാനുള്ള തീരുമാനത്തെയും 82കാരനായ ചാപ്പല്‍ ചോദ്യം ചെയ്തു.

ബ്യൂ വെബ്സ്റ്റര്‍

‘അദ്ദേഹം ടീമിലുള്ളത് സെഞ്ചുറികള്‍ നേടാനാണ്, എന്നിട്ടാണോ നിങ്ങള്‍ അദ്ദേഹത്തെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യിക്കുന്നത്? എന്തൊരു തീരുമാനമാണിത്?’ അദ്ദേഹം ചോദിച്ചു.

ഡാര്‍വിനിലെ തോല്‍വിക്ക് പിന്നാലെ, ഓഗസ്റ്റ് 22 മുതല്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിനെ ഓസ്‌ട്രേലിയ ഒഴിവാക്കുകയും പകരം മാറ്റ് റെന്‍ഷോയെ ടീമിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ആദ്യ ടെസ്റ്റില്‍ വെറും 32 റണ്‍സ് മാത്രം നേടിയ മാര്‍നസ് ലബുഷാന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റില്‍ 2023ന് ശേഷം ഇതുവരെ ഒരു സെഞ്ച്വറി നേടാന്‍ ലബുഷാന് സാധിച്ചിട്ടില്ല.

ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ബംഗ്ലദേശിന് സാധിച്ചിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് കടുവകള്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ഓസീസിനെ സമനിലയില്‍ തളച്ചാല്‍ പോലും ബംഗ്ലദേശിന് പരമ്പര സ്വന്തമാക്കാം.

 

Content highlight: Former captain Ian Chappell criticizes team selection following the defeat against Bangladesh.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.