ഇന്ത്യന്‍ യുവ വിസ്മയം വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്.

വിരാട്, കോഹ്‌ലി, എ.ബി ഡിവില്ലിയേഴ്‌സ് എന്നിവരെ പോലെ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ വൈഭവിന് സാധിക്കുമെന്നാണ് മൈക്കല്‍ ക്ലര്‍ക്ക് പറഞ്ഞത്. ബിയോണ്ട് ക്രിക്കറ്റ് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഓസീസ് ക്യാപ്റ്റന്‍.

‘വിരാട് കോഹ്‌ലിയും എ.ബി ഡിവില്ലിയേഴ്‌സും തെളിയിച്ചത് പോലെ, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഇപ്പോഴും കളിക്കാന്‍ സാധിക്കും. മികച്ച ടെസ്റ്റ്, ടി20 താരങ്ങളായിരുന്നു അവര്‍. എന്നാല്‍ സൂര്യവംശിയെ പോലുള്ള പുതിയ തലമുറയിലെ ഒരു താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറുമോയെന്നും അവന് അതില്‍ താത്പര്യമുണ്ടോയെന്നും കണ്ടറിയണം.

അവന്റെ പ്രത്യേകത ശക്തിയാണ്. ലോകത്തിലുള്ള മറ്റുള്ള യുവതാരങ്ങളെ പോലെ അദ്ദേഹം പന്ത് കൃത്യമായി തെരഞ്ഞെടുക്കുന്നുണ്ട്. ഇന്ത്യക്കൊപ്പം കൂടുതല്‍ യാത്ര ചെയ്യുകയും വ്യത്യസ്ത സാഹചര്യങ്ങളില്‍ പരിശീലിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ടെക്‌നിക് വര്‍ധിക്കും. കഴിവുള്ള ഒരു താരമായതിനാല്‍ അവന് താല്‍പ്പര്യമുണ്ടെങ്കില്‍ മൂന്ന് ഫോര്‍മാറ്റുകളിലും വലിയൊരു സൂപ്പര്‍സ്റ്റാറാകാന്‍ കഴിയും,’ മൈക്കല്‍ ക്ലര്‍ക്ക് പറഞ്ഞു.

2026 ദുലീപ് ട്രോഫി ചാമ്പ്യന്‍മാരായ ഈസ്റ്റ് സോണ്‍ ടീമിലെ അംഗമായിരുന്നു വൈഭവ്. ചെന്നൈയില്‍ നടന്ന കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെ കരുത്തിലാണ് ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായത്.

ടൂര്‍ണമെന്റില്‍ മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയിരുന്നത്. സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ വൈഭവ് 81 പന്തില്‍ 92 റണ്‍സ് നേടിയാണ് തിളങ്ങിയത്. ഏഴ് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. 15 വയസും 157 ദിവസവും പ്രായമായുള്ളപ്പോഴാണ് താരത്തിന്റെ ഈ ചരിത്രനേട്ടം. 57 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തകര്‍ത്തത്.

1969 ലക്ഷ്മണ്‍ സിങ് നേടിയ റെക്കോഡാണ് വൈഭവ് തകര്‍ത്തെറിഞ്ഞത്. 16 വയസും 23 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ലക്ഷ്മണ്‍ ഈ നേട്ടം കൈവരിച്ചത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ താരം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വൈഭവിന് ബെഞ്ചിലായിരുന്നു സ്ഥാനം.

 

Content Highlight: Former Australian captain Micheal Clark talks about Vaibav Suryavanshi