സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. 84 റണ്‍സിനാണ് ഓസീസ് വിജയം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയ്ക്ക് വേണ്ടി 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ബ്രെണ്ടന്‍ ടെയ്‌ലര്‍ 39 റണ്‍സും ക്രൈഗ് എര്‍വിങ് 38 റണ്‍സും ഷെവ്‌റോണ്‍സിന് വേണ്ടി നേടി.
ഓസീസ് ബൗളിങ് നിരയില്‍ ജോഷ് ഹേസല്‍വുഡ്, കൂപ്പര്‍ കെനോലി, മാറ്റ് റെന്‍ഷോ, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. ഒലീവര്‍ പീക്ക് ശേഷിച്ച വിക്കറ്റും നേടി. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെ ഒരു മിന്നും നേട്ടവും സാംപ നേടിയിരിക്കുകയാണ്.
അന്താരാഷ്ട്ര ഏകദിനത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഓസീസിന് വേണ്ടി ഏകദിനത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ താരമാകാനും സാംപയ്ക്ക് കഴിഞ്ഞു. 123 മത്സരങ്ങളില്‍ നിന്ന് 201 വിക്കറ്റുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 5/35 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 29.48 ആവറേജും 5.53 എക്കോണമിയുമാണ് സാംപയുടെ ബൗളിങ്ങിനുള്ളത്. ഫോര്‍മാറ്റില്‍ 12 ഫോര്‍ഫറും ഒരു ഫൈഫറും നേടാന്‍ താരത്തിന് സാധിച്ചു.
ആദം സാംപ
മത്സരത്തില്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ്ഡിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 84 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം നേടിയത്.
താരത്തിന് പുറമെ 78 റണ്‍സ് നേടിയ കൂപ്പര്‍ കനോലിയും 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവരും ഓസീസിന് വേണ്ടി മികച്ച പ്രകടനം നടത്തി. സിംബാബ്‌വേയ്ക്ക് വേണ്ടി ബ്രാന്‍ഡ് ഇവാന്‍സ് മൂന്ന് വിക്കറ്റും വെല്ലിങ്ടണ്‍ മസാകാഡ്‌സ രണ്ട് വിക്കറ്റും നേടി. വെസ്‌ലി മധേവേര ഓരോ വിക്കറ്റും നേടി.
Content Highlight: Australian Spinner Adam Zampa Complete 200 Wickets In ODI
